28
Dec 2023
Wed
28 Dec 2023 Wed

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. മുഖ്യമന്ത്രി നൽകുന്ന വകുപ്പിന് പുറമേ സിനിമ വകുപ്പ് കൂടി നൽകണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിസഭാ പുനഃസംഘടന കഴിഞ്ഞപ്പോള്‍ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകൾ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ഉറപ്പിച്ചതാണ് രണ്ടര വർഷത്തിനു ശേഷമുള്ള പുനഃസംഘടന. ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവർകോവിൽ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക. മുമ്പ് ഇരുവരും ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്ത് പരിചയമുണ്ട്.

ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.