01
Apr 2026
Wed
01 Apr 2026 Wed
kerala gold price

Kerala gold price ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വര്‍ണവില. പുതിയ സാമ്പത്തികവര്‍ഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,080 രൂപയായി ഉയര്‍ന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയില്‍ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയാകട്ടെ 180 രൂപ കൂടി 13,885 രൂപയായി. സ്വര്‍ണവിലയോടൊപ്പം പണിക്കൂലി കൂടി കൂടുമ്പോള്‍ കടയിലെ സ്വര്‍ണവില ഇതിലും ഒരല്പം കൂടി വര്‍ധിച്ചേയ്ക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്ണവിലയേയും സ്വാധീനിച്ചത്. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാതിരുന്നലും യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അടുത്തിടെ സഹപ്രവര്‍ത്തകരോട് വ്യക്തമാക്കിയതായാണ് വിവരം. ഇതോടെ യുദ്ധം ആഴ്ചകള്‍ക്കകം അവസാനിക്കുമെന്നും നിലവിലുള്ള ഇന്ധനക്ഷാമവും ക്രൂഡ് ഓയിലിന്റെ വിലയിലെ കുതിപ്പും അവസാനിക്കുമെന്നും പ്രതീക്ഷ ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍, വിപണിയിലെ പ്രതിസന്ധി പിടിച്ചുനിര്‍ത്താനുള്ള ട്രംപിന്റെ തന്ത്രമാണ് ഇത്തരം പ്രസ്താവനകളെന്ന വിലയിരുത്തലുമുണ്ട്. ഏത് നിമിഷവും ട്രംപ് നിലപാട് മാറ്റാമെന്നതിനാല്‍ വിപണിയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.