
Kerala gold price today സ്വര്‍ണവില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വര്‍ധിച്ച് 90320 രൂപയിലെത്തി. 2008 ല്‍ 1000 ഡോളറും, 2011ല്‍ 2000 ഡോളറും, 2021ല്‍ 3000 ഡോളറുമായിരുന്ന സ്വര്‍ണ്ണവില ഇന്ന് 4000 ഡോളറും കടന്ന് റെക്കോര്‍ഡിലേക്കെത്തി.
![]() |
|
ഇന്നലെ പവന് 89,480 രൂപയായിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സ്വര്‍ണം വിലയിലെ വെറും ചലനം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും, സ്ഥിരതയുടെയും, കാലാതീതമായ മേധാവിത്വത്തിന്റെയും ആഗോള കറന്‍സിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു. 2000 ടണ്ണില്‍ അധികം സ്വര്‍ണ്ണം കൈവശമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.