Kerala gold rate today സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞ വില വൈകുന്നേരമായപ്പോള്‍ അല്പം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണവിലയും വെള്ളിവിലയും വീണ്ടും ഇടിഞ്ഞു.
|
വെള്ളിയാഴ്ച സ്വര്‍ണം 10 ശതമാനം ഇടിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുളള ഏറ്റവും വലിയ ഇന്‍ട്രാഡേ ഇടിവും 1980കളുടെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവും കവിഞ്ഞു. വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന് വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ അടുത്ത ചെയര്‍മാനാക്കാന്‍ ട്രംപ് തീരുമാനിച്ചതാണ് നിലവിലെ വിപണി മാറ്റത്തിന് പിന്നിലെ പ്രേരണയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇറാനിലെ സംഘര്‍ഷ സ്ഥിതിയില്‍ അയവ് വന്നതും മറ്റൊരു കാരണമാണ്.
ഇന്നത്തെ സ്വര്‍ണവില
സംസ്ഥാനത്ത് ഒരുപവന് സ്വര്‍ണത്തിന് ഇന്ന് 1,11,280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,910 രൂപയും. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ താഴ്ന്ന് നിന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ അല്‍പ്പം കൂടിയിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ ഒടുവിലത്തെ വില 14,040 രൂപയും ഒരു പവന് 1,12,320 രൂപയുമായിരുന്നു.
ഇന്ന് 1,040 രൂപയുടെ കുറവാണ് പവന് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാം വിലയില്‍ 130 രൂപയും കുറഞ്ഞിട്ടുണ്ട്. അതുപോലെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11495 രൂപയും പവന് 91,960 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയുടെ വ്യത്യാസമാണ് പവന് വിലയില്‍ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വലിയ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം വെളളിക്ക് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെ വിപണിവില.
വിലയിടിവ്: പ്രധാന ഘടകങ്ങള്‍
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍: ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് കേരളത്തിലെ വിലയെ ബാധിക്കുന്ന പ്രധാന ഘടകം. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നയങ്ങള്‍ നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് ഓഹരി വിപണിയിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു.
ശക്തമായ യുഎസ് ഡോളര്‍: അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കുറയാറുണ്ട്. ഡോളര്‍ സൂചിക ഉയരുന്നത് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കുകയും അത് ഡിമാന്‍ഡ് കുറയ്ക്കുകയും ചെയ്യുന്നു.
യുഎസ് പലിശ നിരക്കുകള്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാതിരിക്കുകയോ അല്ലെങ്കില്‍ പ്രതീക്ഷിച്ചതിലും സാവധാനത്തില്‍ കുറയ്ക്കുകയോ ചെയ്യുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നു. പലിശ നിരക്ക് കൂടുമ്പോള്‍ നിക്ഷേപകര്‍ ബോണ്ടുകളിലും മറ്റും നിക്ഷേപിക്കാന്‍ താല്പര്യപ്പെടും.
റഷ്യ-ഉക്രെയ്ന് സമാധാന ചര്‍ച്ചകള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയത് ആഗോള വിപണിയില്‍ ശുഭപ്രതീക്ഷ നല്കുന്നു. സംഘര്‍ഷങ്ങള്‍ കുറയുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള പ്രാധാന്യം കുറയാറുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍: ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് ഭരണകൂടം 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് പകര്‍ന്നു. രൂപയുടെ മൂല്യം മെച്ചപ്പെടുന്നത് ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി ചിലവ് കുറയ്ക്കാന്‍ സഹായിക്കും.
ലാഭമെടുപ്പ് : സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയപ്പോള്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ച് ലാഭം എടുത്തത് വിപണിയില്‍ വില ഇടിയാന്‍ കാരണമായി.
സ്വര്‍ണ വില ഇനിയും കൂടുമോ കുറയുമോ?
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് തലവനായി കെവിന് വാര്‍ഷിനെ നിയമിക്കാനുള്ള നീക്കങ്ങളാണ് ആഗോള വിപണിയെ സ്വാധീനിച്ചത്. പലിശ നിരക്ക് കുറക്കാതെ തന്നെ പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്തുന്നതിന് ഊന്നല്‍ നല്കുന്ന വാഷിന്റെ വരവ് വിപണിക്ക് ആശ്വാസം നല്കി. അതുവരെ വാങ്ങിക്കൂട്ടിയ സ്വര്‍ണമെല്ലാം നിക്ഷേപകര്‍ വിറ്റ് തീര്‍ത്ത് ലാഭം കൊയ്തതെ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന പെരുമ കെട്ടു. മാത്രമല്ല ഭൌമരാഷ്ട്രീയ പ്രതിസന്ധികള്‍ അയഞ്ഞതും സ്വര്‍ണ വിലയെ സ്വാധീനിച്ചു. ഈയൊരു സാഹചര്യത്തില്‍ ഇനിയും വില കുറയുമോയെന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ഇപ്പോഴത്തെ വിലയിടിവ് കണ്ട് സ്വര്‍ണം ഇനി താഴേക്കെന്ന് ഒരിക്കലും സ്വപ്നം കാണേണ്ടതില്ലെന്ന് പറയുകയാണ് വിദഗ്ധര്‍. മാത്രമല്ല ഈ വര്‍ഷം വീണ്ടും സ്വര്‍ണം റെക്കോഡ് കുതിപ്പ് നടത്തുമെന്ന് ഇവര്‍ പറയുന്നു.
പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെ പി മോര്ഗന് പോലുള്ളവര്‍ സ്വര്‍ണ പ്രവചനങ്ങള്‍ തിരുത്തുക കൂടി ചെയ്തു. 2026 അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 6,300 ഡോളറിലെത്തുമെന്നാണ് ഇപ്പോള്‍ ജെപി മോര്ഗന് പ്രവചിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും നിക്ഷേപകരില്‍ നിന്നുമുള്ള തുടര്‍ച്ചയായ ആവശ്യം സ്വര്‍ണത്തിന്റെ വില വീണ്ടും ഉയര്‍ത്തുമെന്ന് ജെപി മോര്ഗന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കുന്ന പ്രവണത ശക്തമായി തുടരുമെന്നും, 2026-ല്‍ മാത്രം സെന്‍ട്രല്‍ ബാങ്കുകള്‍ ഏകദേശം 800 ടണ്‍ സ്വര്‍ണ്ണം വാങ്ങുമെന്നും ജെ.പി. മോര്ഗന് ചൂണ്ടിക്കാട്ടി. ‘സമീപകാലത്തെ താല്ക്കാലികമായ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, യാഥാര്‍ത്ഥ ആസ്തികള്‍ പേപ്പര്‍ ആസ്തികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സാഹചര്യത്തില്‍, സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡ് തുടരുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു’, ജെപി മോര്ഗന് വിശദീകരിച്ചു. ഡ്യൂഷെ ബാങ്കും സമാനമായ പ്രവചനമാണ് നടത്തുന്നത്. ഔണ്‍സിന് 6,000 ഡോളര്‍ വരെ വില വര്‍ധിക്കാമെന്നാണ് പ്രവചനം.
മറ്റ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളും 2026-ലെ സ്വര്‍ണ്ണവിലയെക്കുറിച്ച് വിവിധ പ്രവചനങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. യുബിഎസ് 6,200 ഡോളര്‍ വരെ വില ഉയരുമെന്നാണ് സൂചിപ്പിക്കുന്നത്. സൈസൊറ്റെ ജനറലെ ഈ വര്‍ഷം അവസാനത്തോടെ 6,000 ഡോളര്‍ വില തൊടുമെന്നാണ് പറയുന്നത്. ഗോള്‍ഡ്മാന്‍ സാക്സ് 2026 ഡിസംബറോടെ 5,400 ഡോളറാണ് പ്രവചിക്കുന്നത്. 2026 രണ്ടാം പകുതിയില്‍ വില 5,700 ഡോളറിലെത്തുമെന്നാണ് മോര്ഗന് സ്റ്റാന്‍ലി പറയുന്നത്.





