Kerala gold rate today സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മുകളിലോട്ട് കുതിക്കുന്നു. 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 1,05320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്.
|
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
കേരളത്തില്‍ സ്വര്‍ണ കുതിപ്പ്
2026 ജനുവരിയിലെ ആദ്യ രണ്ടാഴ്ച കേരളത്തിലെ സ്വര്‍ണവിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040 രൂപ രേഖപ്പെടുത്തിയ സ്വര്‍ണം ചൊവ്വാഴ്ച 1,04,520 എന്ന എന്ന റെക്കോഡ് ഉയരം തൊട്ടു. ഒരാഴ്ച കൊണ്ട് മാത്രം 3-5% കുതിച്ചുചാട്ടമാണ് സ്വര്‍ണ്ണവിലയിലുണ്ടായത്. 2025 ഡിസംബര്‍ അവസാനത്തോടെ തന്നെ സ്വര്‍ണ്ണവില ഒരു ലക്ഷം രൂപ കടന്നിരുന്നു.
വെനിസ്വേലന്‍ പ്രതിസന്ധി, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, യു.എസ്. സൈനിക നീക്കങ്ങള്‍ എന്നിവയാണ് സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയത്. നിലവില്‍ ആഗോള വില ഔണസിന് 4600 ഡോളര്‍ കടന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു.
2025 ഒക്ടോബര്‍ മുതല്‍ 5% ലധികമണ് മൂല്യം ഇടിഞ്ഞത്. ഇത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില ഉയര്‍ത്തി. കൂടാതെ, 2025 അവസാനത്തോടെ യു.എസ്. ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചത് സ്വര്‍ണ്ണം പോലുള്ള ആസ്തികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചതും വില ഉയരാന്‍ കാരണമായി.
ആഗോള സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചാല്‍ ഹ്രസ്വകാലത്തേക്ക് വിലയില്‍ ചാഞ്ചാട്ടമുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രവണത തുടര്‍ന്നാല്‍ 2026 പകുതിയോടെ ഒരു പവന് 1.25 ലക്ഷം രൂപ വരെ എത്താമെന്നും വിദഗ്ധര്‍ പറയുന്നു.
സ്വര്‍ണം വില്‍ക്കുന്നവര്‍ കൂടുന്നു
അതേസമയം വില വര്‍ധിച്ചതടെ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരേക്കാള്‍ വില്‍ക്കാന്‍ എത്തുന്നവരാണ് കൂടുതല്‍ എന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാര്‍ക്കോസ്. ‘സ്വര്‍ണത്തിന്റെ വില ആര്‍ക്കും പിടിതരാത്ത വണ്ണം മുന്നോട്ട് കുതിക്കുകയാണ്. എന്നിരുന്നാലും ഇന്ന് രാവിലെ മുതല്‍ ഔണ്‍സ് റേറ്റില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതിന്‍ പ്രകാരം 24 ക്യാരറ്റിന്റെ വിലയേക്കാള്‍ ഏകദേശം 50 രൂപയോളം കുറവാണ് രേഖപ്പെടുന്നത്. ഈ ഒരു സാഹചര്യം കാണിക്കുന്നത് സ്വര്‍ണ വീണ്ടും വില കുറയുന്നതിനുള്ള ഒരു സാധ്യതയാണ് എന്നാണ്.
എന്തെങ്കിലും പ്രത്യേകമായ മാറ്റങ്ങള്‍ വിപണിയില്‍ ഉണ്ടായെങ്കില്‍ മാത്രമേ സ്വര്‍ണ വില കൂടുതലായി, വലിയൊരു കുതിപ്പിലേക്ക് പോവുകയുള്ളൂ. ഇല്ലെങ്കില്‍ നിലവിലുള്ള നിലവാരത്തില്‍ നിന്ന് ഒരല്‍പ്പം താഴേക്ക് പോകാനുള്ള സാധ്യതയാണ് കാണുന്നത്.
സ്വര്‍ണവിലയില്‍ ഒരു ഇടിവ് രേഖപ്പെടുത്തിയാല്‍ പോലും അതൊരു 90,000ത്തിലേക് എങ്കിലും എത്താനുള്ള ഒരു സാധ്യത നിലവില്‍ ഇല്ല. ചെറിയ തോതിലുള്ള ഇടിവുകള്‍ ഒക്കെ ഉണ്ടാവാനുള്ള സാധ്യതയെ കാണുന്നുള്ളൂ .
സ്വര്‍ണ വ്യാപാരം കുറയുന്നു
ജ്വല്ലറികളിലെ സ്വര്‍ണവ്യാപാരം മന്തഗതിയില്‍ തന്നെയാണ് പോകുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ സമയത്ത് ഉണ്ടായിരുന്ന ബിസിനസുകളെ അപേക്ഷിച്ച് ഗണ്യമായ കുറവ്.
സ്വര്‍ണ ബിസിനസ് കുറയുന്നത് സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ എന്നിരുന്നാലും വലിയൊരു വില കുതിപ്പ് ഉണ്ടാകുമ്പോള്‍ ആളുകളുടെ പര്‍ച്ചേസിങ് പവറില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും. അത്യാവശ്യമുള്ള കാര്യങ്ങളിലേക്ക് മാത്രം വാങ്ങുന്ന തരത്തിലേക്ക് ആളുകള്‍ മാറി ചിന്തിക്കുകയാണ്’, അരുണ്‍ മാര്‍ക്കോസ് പറഞ്ഞു.





