23
Dec 2025
Fri
23 Dec 2025 Fri
sdpi local body election seats

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന്് ഇന്റലിജന്‍സ് റിപോര്‍ട്ട്. കഴിഞ്ഞ തവണ 103 വാര്‍ഡുകള്‍ നേടിയ സ്ഥാനത്ത് ഇക്കുറി അത് 200 കടക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിക്ക ജില്ലകളിലും പാര്‍ട്ടി നില മെച്ചപ്പെടുത്തും. തെക്കന്‍ ജില്ലകളില്‍ കാര്യമായ നേട്ടമുണ്ടാക്കും. തിരുവനന്തപുരം കോര്‍പറേഷനില്‍ എസ്ഡിപിഐ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏകദേശം 2000 സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐ, ഇത്തവണ അത് 1,483 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ വിജയ സാധ്യതയുള്ള സീറ്റുകള്‍ പരിഗണിച്ച് കേന്ദ്രീകൃത പ്രവര്‍ത്തനം നടത്തുന്നതിനാണ് സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതെന്നാണ് നേതാക്കള്‍ പറയുന്നത്.

തിരുവനന്തപുരം കോര്‍പറേഷനിലെ പുത്തന്‍ പള്ളി വാര്‍ഡിലാണ് എസ്ഡിപിഐ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. വള്ളക്കടവ് വാര്‍ഡിലും സ്ഥിതി പ്രവചനാതീതമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി വിജയ സാധ്യതയുള്ള 5 വാര്‍ഡുകളില്‍ എസ്ഡിപിഐ അവസാന നിമിഷം സ്ഥാനാര്‍ഥികളെ പിന്‍വലിച്ചിരുന്നു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തെക്കന്‍ ജില്ലകളില്‍ എസ്ഡിപിഐ കാര്യമായ വേരോട്ടമുണ്ടാക്കിയതായാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍. കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചതായാണ് കരുതുന്നത്.

വടക്കന്‍ ജില്ലകളില്‍ കണ്ണൂരില്‍ എസ്ഡിപിഐ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മുഴുപ്പിലങ്ങാട് പഞ്ചായത്തില്‍ എസ്ഡിപിഐ ഭരണത്തിലേറിയേക്കുമെന്ന സൂചനയുമുണ്ട്.

അതേസമയം, എസ്ഡിപിഐ സാധ്യതയുള്ള പല വാര്‍ഡുകളിലും അവസാന ഘട്ടത്തില്‍ മുന്നണികള്‍ തമ്മിലുള്ള നീക്കുപോക്കുകളും അടിയൊഴുക്കുകയും നടന്നിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ വിജയ സാധ്യതകളെ ബാധിച്ചേക്കാമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.