Kerala nativity card bill ഹിഡന്‍ അജണ്ടകളുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമങ്ങളില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന നേറ്റിവിറ്റി കാര്‍ഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്‍ നാളെ പാസാക്കും
|
പൗരത്വ നിയമ ഭേദഗതി നിയമവും അതിന്റെ മുന്നോടിയെന്ന് ആരോപിക്കപ്പെടുന്ന എസ്‌ഐആറും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആറിലൂടെ പുറത്തായവരില്‍ വലിയൊരു ഭാഗം മുസ്ലികളായിരുന്നു. ഇത്തരം ആശങ്കകള്‍ പരിധിവരെ പരിഹരിക്കുന്നതിനാണ് നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിസഭ അംഗീകരിച്ച ബില്ല് റവന്യൂ മന്ത്രി കെ.രാജന്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു.
ചില നിബന്ധനകള്‍ നേറ്റിവിറ്റി കാര്‍ഡിനുണ്ട്. വിദേശ പൗരത്വം സ്വീകരിക്കാത്തവരോ പൂര്‍വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് കിട്ടില്ല. നെറ്റ് കാര്‍ഡ് ലഭിച്ചശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ കാര്‍ഡ് അസാധുവാകും. കാര്‍ഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ തഹസില്‍ദാര്‍ ആണ്. എന്നാല്‍ നേറ്റിവിറ്റി കാര്‍ഡുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ വില്ലേജ് ഓഫീസുകളില്‍ സൂക്ഷിക്കണം. കാര്‍ഡ് ആവശ്യമുള്ളവര്‍ തഹസില്‍ദാര്‍ക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.



