ഡബ്ലിൻ: അയർലൻഡിലെ കെറിയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയി, ലിസി ജോയി ദമ്പതികളുടെ മകളും എറണാകുളം കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ വീട്ടിൽ പോൾ കുര്യൻറെ ഭാര്യയുമായ ജെസി പോൾ(33)ആണ് മരിച്ചത്. കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
|
ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ. രണ്ട് വർഷം മുൻപാണ് ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ നഴ്സായി ജോലി ലഭിച്ച് ജെസി അയർലൻഡിൽ എത്തുന്നത്. തുടർന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുൻപാണ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലി ലഭിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ ജെസിക്ക് സ്തനാർബുദം കണ്ടെത്തുകയായിരുന്നു. രോഗം കണ്ടെത്തുമ്പോൾ തന്നെ വൈകിയിരുന്നു. ജോലിയിൽ പ്രവേശിക്കാനിരുന്ന ഹോസ്പിറ്റലിൻറെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കൾ രാവിലെ 11ഓടെയായിരുന്നു മരണം. ജോസി ജോയി ഏക സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





