മുംബൈ: വിവാദ സിനിമയായ ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെനും നടി ആദാ ശർമയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ഇരുവരും പുറപ്പെട്ടത്.
|
സംവിധായകൻ സുദീപ്‌തോ സെൻ, നടി ആദാ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നും ഇവർ അറിയിച്ചു. ‘ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനായാണ് ഈ സിനിമ ചെയ്തത്- സുദീപ്‌തോ സെൻ ട്വീറ്റ് ചെയ്തു.
ഞാൻ സുഖമായിരിക്കുന്നു. അപകടത്തെ സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നതിനാൽ നിരവധി സന്ദേശങ്ങൾ വരുന്നുണ്ട്. സംഘത്തിലെ എല്ലാവരും നന്നായിരിക്കുന്നു. ഭയപ്പെടാനായി ഒന്നുമില്ല- ആദാ ശർമ ട്വീറ്റ് ചെയ്തു.





