17
Feb 2024
Sun
17 Feb 2024 Sun

ഞങ്ങള്‍ തമ്മില്‍ ഇന്നും അടുപ്പമുണ്ടെന്നും ജീവിതത്തില്‍ ഒരിക്കലും വഴക്കിട്ടിട്ടില്ലെന്നും ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംവിധായിക കിരണ്‍ റാവു. വേര്‍പിരിഞ്ഞതിന് ശേഷം ആമിറിനൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആമിറിന്റെ പ്രൊഡക്ഷന്‍ തന്റെ പ്രോജക്റ്റിനെ പിന്തുണക്കുന്നതായി അവര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ഒരു അഭിമുഖത്തില്‍ കിരണ്‍ റാവു ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവാഹമോചനത്തിന് ശേഷവും ആമിറിനൊപ്പം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. ‘ലാപത ലേഡീസ്’ മാര്‍ച്ച് 1ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കിരണ്‍ റാവുവും ആമിര്‍ ഖാനും ചേര്‍ന്നാണ് ‘ലാപ്താ ലേഡീസ്’ നിര്‍മിക്കുന്നത്.

‘വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് നിരവധിയാളുകള്‍ പറയാറുണ്ട്. ഞാനും അത്തരം സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷേ സത്യം പറഞ്ഞാല്‍ ഞാനും ആമിറും തമ്മില്‍ വഴക്കുണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വലിയ വഴക്കുകള്‍ സംഭവിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണെന്ന് അംഗീകരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും തയ്യാറായി. ഈ വിവാഹത്തില്‍ ഉണ്ടായിരുന്നതിന്റെ ഒരു ഗുണം അതാണ്, കിരണ്‍ റാവു പറഞ്ഞു.

മുന്‍പും ആമിറുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാനാകുന്നതിന് പിന്നിലെ കാരണങ്ങള്‍ കിരണ്‍ റാവു വെളിപ്പെടുത്തിയിട്ടുണ്ട്. വൈവാഹിക ബന്ധം എന്നതിനപ്പുറം തങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതുകൊണ്ടാണത് എന്നായിരുന്നു കിരണ്‍ റാവു പറഞ്ഞത്. ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയവരാണ്, പങ്കാളികള്‍ ആയതിനു ശേഷവും അങ്ങനെ തന്നെ ആയിരുന്നു. ക്രിയാത്മകമായ ഏറെ അടുത്തുനില്‍ക്കുന്നവരാണ് തങ്ങളെന്നും പല വിഷയങ്ങളിലും ഒരേ അഭിപ്രായങ്ങള്‍ പങ്കിടുന്നുണ്ടെന്നും കിരണ്‍ പറയുന്നു.

നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

അതേസമയം, 2010ല്‍ പുറത്തിറങ്ങിയ ‘ധോഭി ഘട്ട്’ എന്ന ചിത്രത്തിന് ശേഷം കിരണ്‍ റാവുവിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘ലാപത ലേഡീസ്’. അവളുടെ രണ്ടാമത്തെ ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും . നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്‍ത്ര, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം എന്നിവരും ചിത്രത്തിലെ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു.