KSRTC New Bus ബെംഗളൂരു മലയാളികള്‍ക്ക് ഓണസമ്മാനമായി കെഎസ്ആര്‍ടിസി എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന പഴയ എസി മള്‍ട്ടി-ആക്സില്‍ ബസുകള്‍ക്ക് പകരമാണ് പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍. റൂട്ടും നിരക്കും അടുത്ത ദിവസം പ്രഖ്യാപിക്കും.
|
10 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ബസുകള്‍ തകരാറുകളും സര്‍വീസ് തടസ്സങ്ങളും കാരണം പലപ്പോഴും പാതിവഴിയില്‍ കുടുങ്ങുന്നതിനാല്‍ അവയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞു. കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും കൂടുതല്‍ സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കുന്നത് കേരള ആര്‍ടിസിയുടെ വരുമാനത്തെയും ബാധിച്ചിരുന്നു.
ബെംഗളൂരുവിലെ ഒരു സ്വകാര്യ ബോഡി നിര്‍മ്മാണ കേന്ദ്രത്തില്‍ പുതിയ ബസുകളുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. അശോക് ലെയ്ലാന്‍ഡ് ആണ് 8 സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ കേരള ആര്‍ടിസിക്ക് കൈമാറുന്നത്. കൂടാതെ, കേരള ആര്‍ടിസിക്ക് ഉടന്‍ 10 എസി സീറ്റര്‍ ബസുകളും 8 സ്ലീപ്പര്‍ ബസുകളും ലഭിക്കും.
ALSO READ: ഇരിക്കാന്‍ വൃത്തിഹീനമായ സീറ്റ് നല്കി; യാത്രക്കാരിക്ക് ഇന്‍ഡിഗോ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
നിലവില്‍, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സേലം വഴി തിരുവനന്തപുരത്തേക്ക് എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും മൈസൂരിലേക്ക് നോണ്‍-എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും സര്‍വീസ് നടത്തുന്നു.
കുറച്ച് ബസുകള്‍ മാത്രമുള്ളതിനാല്‍, ഈ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. സ്വിഫ്റ്റില്‍ ഗജരാജ മള്‍ട്ടി-ആക്സില്‍ എസി സ്ലീപ്പര്‍ ബസുകളും ഉണ്ട്. ഇതില്‍ നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 2 ബസുകളും സേലത്ത് നിന്ന് എറണാകുളത്തേക്ക് 4 ബസുകളും സര്‍വീസ് നടത്തുന്നു.
കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പായിരുന്നു കെഎസ്ആര്‍ടിസിക്കായി രാജ്യത്തെ ഏറ്റവും നിലവാരമുള്ള ബസുകള്‍ എത്തുമെന്നത്. ആദ്യ ബാച്ചില്‍ എത്തിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഡിസൈന്‍ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായതെങ്കില്‍ ഇനി വരാനുള്ള ബസുകള്‍ ആനവണ്ടി പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആര്‍ടിസി ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ചിത്രം അനുസരിച്ച് കേരളത്തിലെ ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്റ്റൈലിലാണ് പുതിയ ബസുകള്‍ ഒരുങ്ങുന്നത്. ബെംഗളൂരുവിലെ ബസ് ബോഡി നിര്‍മാതാക്കളായ പ്രകാശില്‍ ഒരുങ്ങുന്ന ബസ് എന്ന തലക്കെട്ടോടെയാണ് ബസുകളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.





