- വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും നഷ്ടപ്പെടില്ല
- ടിക്കറ്റിന്റെ 80 ശതമാനം വരെ തിരികെ ലഭിക്കും
- ട്രാവല്‍ ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കാന്‍ കേന്ദ്രം
വിമാന ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ മുഴുവന്‍ പണവും നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിമാനം പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് ടിക്കറ്റ് റദ്ദാക്കിയാലും ഫെയറിന്റെ 80 ശതമാനം വരെ തിരികെ ലഭിക്കുന്ന പദ്ധതിയാണ് ആലോചനയില്‍.
|
രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകും. ടിക്കറ്റിനൊപ്പം ട്രാവല്‍ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയാണ് പദ്ധതിയൊരുങ്ങുന്നത്. നിലവില്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ അത് ‘നോ-ഷോ’ ആയി കണക്കാക്കുകയും റീഫണ്ട് ലഭിക്കാതിരിക്കുകയും ചെയ്യും.
മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാല്‍ വിമാനക്കമ്പനികള്‍ക്ക് പൂര്‍ണമായ റീഫണ്ട് നല്‍കാന്‍ അധികാരമുണ്ടെങ്കിലും പലപ്പോഴും അനുകൂല നടപടിയുണ്ടാവാറില്ല. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.
ALSO READ: കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ചു കൊന്നു
യാത്രക്കാര്‍ക്ക് യാതൊരു അധിക ചെലവുമില്ലാതെ ഇന്‍ഷുറന്‍സ് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം വിമാനക്കമ്പനികള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് വഹിക്കും. നിലവില്‍, യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം അധിക സേവനമായി ഇന്‍ഷുറന്‍സ് വാങ്ങാന്‍ സൗകര്യമുണ്ട്. എന്നാല്‍ പുതിയ പദ്ധതി വരുന്നതോടെ ഇത് ടിക്കറ്റിന്റെ ഭാഗമാകും.
ഒരു പ്രമുഖ വിമാനക്കമ്പനി ഇതിനോടകം തന്നെ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളില്‍ പോലും ഇന്‍ഷുറന്‍സ് ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് അധികൃതര്‍. ഇതുവഴി ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ഒരു പരിധി വരെ പണം തിരികെ ലഭിക്കും. ഏകദേശം 50 രൂപ പ്രീമിയം ഓരോ ടിക്കറ്റിലും ഈടാക്കിയാല്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് വരെ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് 80 ശതമാനം വരെ റീഫണ്ട് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍.





