വാഷിങ്ടണ്‍: സാലഡില്‍നിന്ന് കൈവിരലിന്റെ ഭാഗം കിട്ടിയെന്ന് യുഎസില്‍ റസ്റ്ററന്റിനെതിരെ യുവതിയുടെ പരാതി. ന്യൂയോര്‍ക്കിലെ കനെക്റ്റികട്ടില്‍ മൗണ്ട് കിസ്‌കോയിലെ ഹോട്ടലിനെതിരെയാണ് അലിസണ്‍ കോസി എന്ന യുവതി പരാതി ഉന്നയിച്ചത്. സാലഡ് കഴിച്ചുകൊണ്ടിരിക്കെ മനുഷ്യവിരലിന്റെ ഒരു ഭാഗം ചവയ്ക്കുന്നതു പോലെ അനുഭവപ്പെട്ടു. അത് സാലഡിന്റെ ഭാഗമായി കിടക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
|
സാലഡില്‍ പ്രധാനമായും കാണുന്ന അരഗുള എന്ന ഇല അരിയുന്നതിനിടയില്‍ ഹോട്ടല്‍ മാനേജരുടെ കൈവിരല്‍ മുറിഞ്ഞ് ചെറിയ ഭാഗം സാലഡില്‍ വീണതാണെന്നാണ് റിപ്പോര്‍ട്ട്. മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മലിനമായ അരഗുള ആളുകള്‍ക്ക് നല്‍കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. യുവതി ഹോട്ടലില്‍നിന്ന് പാഴ്‌സലാണു വാങ്ങിയത്.
സംഭവത്തില്‍ അന്വേഷണം നടത്തിയ വെസ്‌ചെസ്റ്റര്‍ കൗണ്ടി ഡിപാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റസ്റ്ററന്റിന് 900 ഡോളര്‍ പിഴയിട്ടു. മോശം സാലഡ് കഴിച്ചതിന്റെ ഭാഗമായി തനിക്ക് പാനിക് അറ്റാക്, മൈഗ്രേന്‍, ഛര്‍ദ്ദി, തലകറക്കം, ശരീരവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതി പരാതിയില്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇതേ കുറിച്ച് അവബോധം ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് പരാതി നല്‍കിയതെന്നാണ് വിവരം.


