
Loka Chapter 1 കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം ഇനി കല്യാണി പ്രിയദര്‍ശന്റെ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’യ്ക്ക് സ്വന്തം. ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമ തകര്‍ത്തത് മോഹന്‍ലാല്‍ ചിത്രം ‘തുടരും’ സൃഷ്ടിച്ച റെക്കോഡാണ്.
![]() |
|
തുടരും നേടിയ 118.9 കോടിയുടെ റെക്കോഡാണ് ഇന്നലെയോടെ ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ലോക മോഹന്‍ ലാല്‍ ചിത്രത്തെ പിന്നിലാക്കിയത്. നേരത്തെ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക മാറിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോഡ് ‘തുടരു’മിന്റെ പേരിലായിരുന്നു.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ സിനിമ, ഏറ്റവും കൂടുതല്‍ ആളുകളെ തിയേറ്ററിലെത്തിച്ച മലയാളം സിനിമ തുടങ്ങിയ നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്. ഇനി ലോകയ്ക്ക് മുന്നിലുള്ളത് മലയാളത്തിലെ ആദ്യ 300 കോടി, കേരളത്തില്‍ നിന്ന് മാത്രമായി 120 കോടി എന്നി നേട്ടങ്ങളാണ്.