കോട്ടയം: കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നാട്ടുകാരെ ആശങ്കയിലാഴ്ത്തി ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. ഇന്ന് പുലർച്ചെ നാലരയ്ക്ക് ശേഷമാണ് ഭൂമിക്കടിയിൽ നിന്നും രണ്ടു തവണ ഉഗ്രശബ്‍ദം ഉയർന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും ഭൂമികുലുക്കത്തിന് സമാനമായി തോന്നിയെന്നും പ്രദേശവാസികൾ പറഞ്ഞു.
|
കഴിഞ്ഞ തിങ്കളാഴ്ച്ച ഇത്തരം ശബ്ദം തുടർച്ചയായി കേട്ടത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് പരിശോധന നടക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു നടന്നത്. സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടന്നിരുന്നില്ല.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എത്രയും വേഗം ആവശ്യമായ പരിശോധന നടത്തി ഉഗ്രസ്ഫോടനത്തിന്‍റെ കാരണം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





