LPG shortage തിരുവനന്തപുരം: ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമാവുന്നു. 10 ശതമാനം അധിക ഉല്‍പാദനം ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ട സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
|
ആവശ്യത്തിന് ഇന്ധനം എത്താത്തതിനാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. മെനുവില്‍ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകള്‍ക്ക് നാഷണല്‍ റസ്റ്റോറന്‍സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി.
കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ഇന്ധനം ലാഭിക്കുന്ന രീതികള്‍ സ്വീകരിക്കണം, പാചക രീതിയില്‍ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിര്‍ദേശം.
ഗ്യാസിന് പകരമായി ഇലക്ട്രിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ALSO READ: ടിക്കറ്റിന് ചാര്‍ജിന് പുറമേ ഇന്ധന സര്‍ചാര്‍ജും; യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഇരുട്ടടി
ഹോട്ടലുകള്‍ പൂട്ടിപ്പോവും
അതേസമയം, ഈ സാഹചര്യം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ പൂട്ടിപ്പോകുന്ന അവസ്ഥയിലെത്തുമെന്ന് എല്‍പിജി വിതരണ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി സനല്‍ കുമാര്‍ പറഞ്ഞു. ഈ നയത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ഹോട്ടലുകള്‍ പൂട്ടുന്ന അവസ്ഥയെത്തും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അത് സംഭവിക്കും. യുദ്ധം തീരുന്നതുവരെ ഈ പ്രതിസന്ധി തുടരും. അല്ലെങ്കില്‍ എല്‍പിജി കൊണ്ടുവരാനുള്ള പകരം സംവിധാനം സര്‍ക്കാര്‍ കണ്ടെത്തണം. എല്‍പിജിയും എല്‍എന്‍ജിയും നേരിടുന്നത് ഒരേ പ്രതിസന്ധിയെന്നും ജി സനല്‍ കുമാര്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിനേക്കാള്‍ ഉപരിയായി കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് ചെയ്യുന്നത് കമ്പനികള്‍ നിര്‍ത്തലാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എല്‍പിജി വിതരണത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് സംഘടനയും ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ തിരുവനന്തപുരം നഗരത്തില്‍ എല്‍പിജി പ്രതിസന്ധി തുടങ്ങി. പല കടകളിലും പാചകവാതകം കിട്ടുന്നില്ലെന്നാണ് പരാതി. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന. എന്നാല്‍ ഊര്‍ജ ലഭ്യതയില്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി സിലിണ്ടറുകളുടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തും ഗൗരവമേറിയ സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. സിലിണ്ടറുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വാണിജ്യ- വ്യവസായ മേഖലയിലേക്ക് നല്‍കേണ്ടുന്ന സിലിണ്ടറുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സിലിണ്ടറുകള്‍ നല്‍കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും സിലിണ്ടര്‍ കമ്പനി അധികൃതര്‍ പറയുന്നു. പ്രതിസന്ധി ഒഴിവാക്കും വിധം തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.





