07
Nov 2025
Thu
07 Nov 2025 Thu
Mammootty introducing his friend who called him Mammootty first time

മമ്മൂട്ടി മലയാളികളുടെ അഭിമാനമാണ്. അഭിനയ കൊടുമുടികള്‍ കീഴടക്കിയ മഹാതാരം. മുഹമ്മദ് കുട്ടിയെന്ന വൈക്കം ചെമ്പ് സ്വദേശി ഇന്ന് ലോകമറിയുന്ന മമ്മൂട്ടി എന്ന പേര് തന്നെ ആദ്യമായി വിളിച്ച തന്റെ സുഹൃത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ മഹാനടന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാരാജാസ് കോളജിലെ പഠനകാലയളവില്‍ മുഹമ്മദ് കുട്ടിയെന്ന തന്റെ പേരൊളിപ്പിച്ചു വയ്ക്കുകയും പേര് ചോദിക്കുന്നവരോടെല്ലാം ഒമര്‍ ഷെറീഫ് എന്ന് പറയുകയും ചെയ്തിരുന്ന കാലത്താണ് മമ്മൂട്ടി എന്ന വിളിപ്പേര് അദ്ദേഹത്തിന് വീഴുന്നത്. ആ പേരാണിന്ന് മലയാള സിനിമയുടെ ബ്രാന്‍ഡായി തലയുയര്‍ത്തി നില്‍ക്കുന്നത്.

മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസിന്റെ ഉദ്ഘാടനപ്രസംഗത്തിലായിരുന്നു മമ്മൂട്ടി തനിക്കാ പേരു സമ്മാനിച്ച കോളജ് കാല സുഹൃത്തിനെ പരിചയപ്പെടുത്തിയത്. എടവനക്കാട് സ്വദേശി ശശിധരനായിരുന്നു ആ സഹപാഠി. പ്രസംഗത്തിനിടെ മമ്മൂട്ടി മഹാരാജാസിന്റെ പേര് പരാമര്‍ശിച്ചപ്പോഴൊക്കെ സദസ്സ് ആര്‍ത്തു വിളിച്ചു. ഇതോടെ മമ്മൂട്ടിയും ആവേശത്തിലായി.

ഇതിനിടെയാണ് മമ്മൂട്ടിയെന്ന തന്റെ പേര് സമ്മാനിച്ച സുഹൃത്ത് ഇവിടെയുണ്ടെന്നു പറഞ്ഞ് അദ്ദേഹം ശശിധരനെ വേദിയിലേക്ക് ക്ഷണിച്ചത്. തനിക്കു പേരിട്ടതിന്റെ ക്രെഡിറ്റ് മറ്റു പലരും പലരീതിയില്‍ അവകാശപ്പെടാറുണ്ടെന്നും എന്നാല്‍ ശശിധരനാണ് തന്നെയാ പേര് ആദ്യമായി വിളിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. കോളജില്‍ വച്ച് മുഹമ്മദ് കുട്ടി എന്ന പേര് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് നിലത്തുവീണ് കിട്ടിയപ്പോഴായിരുന്നു ശശിധരന്‍ ഓഹ് നിന്റെ പേര് മമ്മൂട്ടി എന്നായിരുന്നോ എന്നു ചോദിച്ചതെന്നും പിന്നീടെല്ലാവരും തന്നെ ആ പേര് വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയുടെ ക്ഷണമനുസരിച്ച് ശശിധരന്‍ വേദിയിലേക്ക് വരികയും മമ്മൂട്ടി അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ഈ മനോഹര രംഗങ്ങള്‍ക്ക് സദസ്സ് കൈയടികളോടെ പിന്തുണ പകര്‍ന്നു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി രക്ഷയില്ല; ലൈംഗിക പീഡനത്തിനെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറി