കൊച്ചി: മമ്മൂട്ടിയും മോഹൻലാലും ഉറ്റസുഹൃത്തുക്കളാണെന്ന കാര്യം ഓരോ മലയാളിക്കും പരിചിതമായ കാര്യമാണ്. ഒരേ കാലയളവിൽ ആരംഭിച്ച്, ആദ്യകാലത്ത് നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച് തൊണ്ണൂറുകളോടെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തപ്പെട്ട്, ഒപ്പം അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ച്, അവാർഡുകൾ നേടിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയിൽ ആരോഗ്യകരമായ ഒരു മത്സരം എക്കാലവും സൂക്ഷിച്ചപ്പോഴും മനോഹരമായ ഒരു വ്യക്തിബന്ധം സൂക്ഷിച്ചവരാണ് അവർ. ഇപ്പോഴിതാ ഇരുവരുടെയും കുടുംബങ്ങൾ ഒത്തുചേർന്ന രണ്ട് ഫ്രെയ്മുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
|
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ അഷ്‌റഫ് അലിയുടെ മകൾ ഫഹിമയുടെ വിവാഹത്തിന് പങ്കെടുക്കാൻ കുടുംബസമേതം എത്തിയതായിരുന്നു താരങ്ങൾ. മോഹൻലാലും സുചിത്രയും മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 35 വർഷം മുൻപുള്ള മോഹൻലാലിൻറെ വിവാഹഫോട്ടോയും ചിലർ ഇതോടൊപ്പം കമൻറായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിലൊന്ന് 35 വർഷങ്ങൾ മുൻപുള്ള ഒന്നും രണ്ടാമത്തേത് കഴിഞ്ഞ ദിവസം ക്ലിക്ക് ചെയ്യപ്പെട്ട ഒന്നുമാണ്. മോഹൻലാലിൻറെ വിവാഹദിവസം എടുത്ത ചിത്രമാണ് ഒന്ന്. ഭാര്യ സുൽഫത്തിനൊപ്പമെത്തിയ മമ്മൂട്ടി നവവരനായ മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം. രണ്ട് ചിത്രങ്ങളും ചേർത്തുവച്ച് ഇരുവരുടെയും ഫാൻ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളുമൊക്കെ ഷെയർ ചെയ്യുന്നുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻറെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ. നവാഗതനായ ഡീനൊ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് മറ്റൊരു ചിത്രം.
Then & Now.
Time Gap between two pictures is 35 Years ❤️#Mohanlal #Mammootty pic.twitter.com/vPD4kbGUNI
— Mohanlal Fans North Wayanad (@MFCNorthWayanad) June 6, 2023


