30
May 2023
Mon
30 May 2023 Mon

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട്– പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് പീഡനശ്രമമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു പുലർച്ചെയാണ് സംഭവം. യുവതിയുടെ പരാതിയിൽ കണ്ണൂർ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു യുവതി. ഇതേസ്ഥലത്ത് നിന്ന് തന്നെയാണ് പിടിയിലായ യുവാവും ബസിൽ കയറിയത്. ബസ് കോഴിക്കോട് എത്തിയപ്പോൾ ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് മോശമായി പെരുമാറുകയായിരുന്നു.

തുടർന്ന് ഇയാളോട് സീറ്റ് മാറിയിരിക്കാൻ യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു. എന്നാൽ മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോൾ വീണ്ടും ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് ശല്യം ചെയ്‌തെന്നാണ് പരാതി.

തുടർന്ന് യുവതി ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. ഇവര്‍ വളാഞ്ചേരി പൊലീസിനെ അറിയിക്കുകയും യുവതിയുടെ പരാതിയിൽ പൊലീസെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കും.