പ്രണയവിവാഹം കഴിഞ്ഞ് നാലാം മാസം സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ചുകൊന്ന് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയാണ് നഴ്‌സായ ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്.
|
ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇരുവരും പ്രണയത്തിലാവുകയും നവംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം അരുണ്‍ ശര്‍മ സ്ത്രീധനമാവശ്യപ്പെട്ട് പലപ്പോഴും കാജലിനെ മര്‍ദ്ദിച്ചിരുന്നു. മാര്‍ച്ച് നാലിന് ഹോളിയാഘോഷിക്കാനായി അരുണ്‍ ശര്‍മ ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരുവിലെ കാജലിന്റെ വീട്ടിലെത്തി. പിന്നീട് ഇവിടെ താമസിക്കുകയും ചെയ്തു. മാര്‍ച്ച് 17ന് മദ്യപിച്ചെത്തിയ അരുണ്‍ ശര്‍മ ഭാര്യയെ മര്‍ദ്ദിച്ചു. പിറ്റേദിവസം രാവിലെ അരുണ്‍ കാജലിനെ സംസാരിക്കാനായി താഴേക്കു കൂട്ടിക്കൊണ്ടുപോവുകയും ഇവിടെ വച്ച് വഴക്കിടികയും ചെയ്തു.
ഇതിനിടെ യുവാവ് ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് യുവതി അബോധാവസ്ഥയിലാവുകയും മൂക്കിലൂടെ രക്തം വരികയും ചെയ്തു. വീട്ടുകാര്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം ശുചിമുറിയില്‍ നിന്ന് യുവതിയുടെ കുടുംബം ഒരു സിറിഞ്ച് കണ്ടെത്തിയതോടെ കാജലിനെ വിഷം കുത്തിവച്ചുവെന്ന സംശയം ഉണര്‍ന്നു. ഇക്കാര്യം പോലീസിനെ അറിയിക്കുകയും പോലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ പ്രതി വിഷം കുത്തിവച്ചതായി കുറ്റസമ്മതം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശേഖരിച്ച സാംപിളുകളുടെ വിശദമായ ലാബ് പരിശോധനാ ഫലം വന്നാലേ മരണകാരണം വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.





