13
Feb 2026
Fri
13 Feb 2026 Fri
Manjeshwar mkm ashraf

മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബിജെപി ചില ഉദ്യോഗസ്ഥന്‍മാരെ കൂട്ടു പിടിച്ച് വ്യാപകമായി ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ തള്ളിക്കുന്നതായി ലീഗ് എംഎല്‍എ എകെഎം അഷറഫ്. വ്യാജ പരാതിക്ക് ഇരയായവരെയും കൊണ്ട് ഇആര്‍ഒയ്ക്ക് മുന്‍പില്‍ എംഎല്‍എ നേരിട്ട് ഹാജരായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ജില്ലാ സെക്രട്ടറി ലോകേഷിന്റെ നേതൃത്വത്തിലാണ് മുസ്ലിം വോട്ടുകള്‍ തള്ളിക്കാന്‍ ശ്രമം നടന്നത്. മഞ്ചേശ്വരത്തെ ബൂത്ത് നമ്പര്‍ 128 ല്‍ 90ഓളം വോട്ടുകള്‍ തള്ളിക്കാനുള്ള അപേക്ഷയുമായി ലോകേഷ് ഇആര്‍എയെ സമീപിച്ചിരുന്നു. എന്നാല്‍, അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഓണ്‍ലൈനില്‍ നല്‍കണമെന്നും ഇആര്‍ഒ ആവശ്യപ്പെട്ടു.

ഇങ്ങിനെ വോട്ട് തള്ളാന്‍ നല്‍കിയ ഏഴ് പേരുമായാണ് എംഎല്‍എ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന മുഹമ്മദ് എന്ന വയോധികന്‍ ഇന്ത്യന്‍ പൗരനല്ല എന്ന് പറഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. 73 വയസ്സ് കഴിഞ്ഞ നബീസയുടെ വോട്ടും തള്ളാന്‍ നല്‍കിയിട്ടുണ്ട്. നിരവധി തവണ മഞ്ചേശ്വരത്ത് ലോക്‌സഭയിലും നിയമസഭയിലും വോട്ട് ചെയ്തവരെ സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍ എന്ന വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.

വോട്ട് തള്ളാന്‍ ആരെങ്കിലും അപേക്ഷ നല്‍കുകയും അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്താല്‍ അപേക്ഷ നേരിട്ട് തള്ളിക്കളയണമെന്നാണ് നിയമം അതിന് പകരം ഇവരെ ഹിയറിങിന് വിളിച്ചത് ഉദ്യോഗസ്ഥ ലോബിയും ബിജെപിയും തമ്മിലുള്ള ഒത്തു കളിയുടെ തെളിവാണ്.

നിസാര കാരണങ്ങള്‍ പറഞ്ഞു വോട്ടുകള്‍ തള്ളുന്നതായും എംഎല്‍എ ആരോപിച്ചു. മണ്ഡലത്തിലെ 200ഓളം പ്രവാസികളുടെ വോട്ട് ചേര്‍ക്കാനുള്ള അപേക്ഷ തള്ളിയ കാര്യം അദ്ദേഹം സൂചിപ്പിച്ചു. അപേക്ഷയില്‍ വിസ മെന്‍ഷന്‍ ചെയ്തില്ലെന്ന് പറഞ്ഞാണ് തള്ളിയത്. എന്നാല്‍, അപേക്ഷ നല്‍കുമ്പോള്‍ ഇങ്ങിനെ വിസ മെന്‍ഷന്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇത്തരം കളികള്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകും.

ജനാധിപത്യത്തിന്റെ വഴിയില്‍ അല്ലാതെ, ഉത്തരേന്ത്യയിലെ പോലെ ന്യൂനപക്ഷങ്ങളുടെ വോട്ട് വെട്ടി ജയിക്കാമെന്നത് വ്യാമോഹമാണെന്നും എകെഎം അഷറ്ഫ് വ്യക്തമാക്കി.

ബിജെപിക്ക് പല തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മണ്ഡലമാണ് മഞ്ചശ്വരം. 2014 ല്‍ 89 വോട്ടിന് ആണ് ബിജെപി യുഡിഎഫിനോട് തോറ്റത്. കഴിഞ്ഞ തവണ 1000ല്‍ താഴെ വോട്ടുകള്‍ക്കായിരുന്നു കെ സുരേന്ദ്രന്റെ പരാജയം.