രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിര്‍ണായക മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് ഇത്തവണ അട്ടിമറി വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ്. മുമ്പ് ജില്ലയെ തന്നെ ഞെട്ടിച്ച അട്ടിമറിയിലൂടെ ശ്രദ്ധേയനായ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറിന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ പരിഗണന.
|
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഷാനവാസിന്റെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വീണ്ടും സിറ്റിങ് എംഎല്‍എ എകെഎം അഷ്‌റഫ് തന്നെ രംഗത്തിറങ്ങും. അപ്രതീക്ഷിത ട്വിസ്റ്റുകളൊന്നുമുണ്ടായില്ലെങ്കില്‍ കെ സുരേന്ദ്രന്‍ വീണ്ടും ബിജെപി സ്ഥാനാര്‍ഥിയാവും. സംസ്ഥാന നേതൃത്വത്തിന്റെ കൂടി അംഗീകാരം ലഭിച്ചാല്‍ സ്വതന്ത്രനായാണ് ഷാനവാസ് ജനവിധി തേടുക. അതോടെ കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തി തീപാറുന്ന ത്രികോണ മല്‍സരത്തിനാവും സാക്ഷിയാവുക.
യുഡിഎഫ് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി ഷാനവാസിന് അട്ടിമറി ജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നത്. ഷാനവാസിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസര്‍കോഡ് ചട്ടഞ്ചാല്‍ പാദൂര്‍ സ്വദേശിയായ ഷാനവാസ് പാദൂര്‍ 2019ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ട എന്നറിയപ്പെടുന്ന ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് മല്‍സരിച്ച് ലീഗിനെതിരേ അട്ടിമറി വിജയം നേടിയാണ് ഷാനവാസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്.
കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനും ജനകീയനുമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനാവാസിന് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ വലിയ സ്വാധീനമുണ്ട്. ഇത് വോട്ടായി മാറിയാല്‍ മഞ്ചേശ്വരത്ത് ഇത്തവണ അപ്രതീക്ഷിത ഫലം പ്രതീക്ഷിക്കാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലീഗിന് 20,000 വോട്ടുകളുടെ മേല്‍ക്കൈ ഉണ്ടായെങ്കിലും ഷാനവാസിന്റെ വരവിന് അത് മറികടക്കാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
എസ്ഡിപിഐ നിലപാട്
ജില്ലയില്‍ തന്നെ എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണച്ചിരുന്നത്. ഈ പിന്തുണ യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇക്കാര്യം ബിജെപി നേതാക്കള്‍ പരസ്യമായും ലീഗ് നേതാക്കള്‍ രഹസ്യമായും സമ്മതിക്കുന്നുണ്ട്.
എന്നാല്‍, ഇത്തവണ അത്തരം ഏകപക്ഷീയ പിന്തുണ പ്രതീക്ഷിക്കേണ്ടെന്ന് എസ്ഡിപിഐ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്തുണ തേടി നിര്‍ദിഷ്ട സ്ഥാനാര്‍ഥി എകെഎം അഷ്‌റഫ് ഉള്‍പ്പെടെയുള്ള ലീഗ് നേതൃത്വം എസ്ഡിപിഐ നേതാക്കളെ രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. സിപിഎമ്മും സമാനമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ലീഗ് ജില്ലാ നേതാവ് കല്ലട്ര മാഹിന്‍ ഹാജിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന് കരുതപ്പെടുന്ന ഷാനവാസ് പാദൂരും കഴിഞ്ഞ ദിവസം കാസര്‍കോഡ് നടന്ന എസ്ഡിപിഐ ഇഫ്താറില്‍ പങ്കെടുത്തത് ശ്രദ്ധേയമാണ്.
മഞ്ചേശ്വരത്ത് ഒരു പൊതുസമ്മതന്‍ വന്നാല്‍ എസ്ഡിപിഐ പിന്തുണക്കാനാണ് സാധ്യത. ജനകീയനായ ഷാനവാസ് പാദൂരിന് എസ്ഡിപിഐ പിന്തുണ കിട്ടുമോ എന്നതാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്.
2006ലെ അട്ടിമറി ആവര്‍ത്തിക്കുമോ?
2006ല്‍ മഞ്ചേശ്വരത്ത് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു മുസ്ലിം ലീഗിലെ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയ്‌ക്കെതിരേ അട്ടിമറി വിജയം നേടിയിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ആ തിരഞ്ഞെടുപ്പില്‍ ലീഗ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തുടര്‍ച്ചയായി നാല് തവണ ജയിച്ച ശേഷമാണ് ചെര്‍ക്കളം അബ്ദുല്ല പരാജയം രുചിച്ചത്. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലൊന്നും എല്‍ഡിഎഫിന് ഇവിടെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.
മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ടുകള്‍ യുഡിഎഫിന് മറിക്കുന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, ഇത്തവണ അത് വേണ്ടെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി നിലപാട്. അതിന്റെ ഭാഗമായാണ് ഷാനവാസിനെ പോലൊരു പൊതു സ്വതന്ത്രനെ രംഗത്തിറക്കാന്‍ സിപിഎം ആലോചിക്കുന്നത്.
മഞ്ചേശ്വരത്ത് ബിജെപി തളരുന്നു
ഗ്രൂപ്പ് വഴക്കുകളും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ബിജെപിക്കുള്ളില്‍ പുകയുന്നുണ്ട്. അശ്വിനി കന്നഡയില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് മഞ്ചേശ്വരത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീയായതിനാല്‍ തന്റെ ചിറകുകള്‍ വെട്ടിമാറ്റുന്നു എന്ന പരാമര്‍ശം മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടതാണോ എന്നായിരുന്നു പ്രധാന ചര്‍ച്ച.
2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 162 വാര്‍ഡുകളില്‍ 36 എണ്ണം മാത്രമാണ്. വിജയശതമാനം 27-ല്‍ നിന്ന് 22 ആയി കുറഞ്ഞു. 2005 മുതല്‍ ബിജെപി കൈവശം വെച്ചിരുന്ന ജില്ലാ പഞ്ചായത്തിലെ പുത്തിഗെ ഡിവിഷന്‍ കോണ്‍ഗ്രസ് നേതാവ് സോമശേഖര ജെ.എസ്. തിരിച്ചുപിടിച്ചതും എന്‍ഡിഎയ്ക്ക് തിരിച്ചടിയായി.



