
Kalladi MES college SFI-Fraternity alliance പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിലെ എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ എംഎസ്എഫിനെ തോല്‍പ്പിക്കാന്‍ എസ്എഫ്‌ഐ വോട്ട് വാങ്ങിയത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റിയില്‍ നിന്നാണെന്നും എസ്എഫ്‌ഐയുടെ മുന്‍ സെക്രട്ടറി പി.എം ആര്‍ഷോ ആണ് ഈ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ മുഖ്യ സൂത്രധാരനെന്നും എംഎസ്എഫ് നേതാവ് സി.കെ നജാഫ് ആരോപിക്കുന്നു.
![]() |
|
കേരളത്തിലെ ഓരോ സ്ഥലത്തും ഓരോ സംഘടനകളുമായാണ് സഖ്യം. ഇത്രയും പച്ചയായ കപടന്മാരെ കേരളം വേറെ കണ്ടിട്ടുണ്ടോയെന്നും നജാഫ് ചോദിക്കുന്നു. തരാതരം വര്‍ഗീയ കാര്‍ഡ് ഇറക്കി അധികാരം കിനാവ് നട്ടിരിക്കുന്ന പുതിയ എസ്എഫ്‌ഐയുടെ നിലപാടില്‍ മുമ്പ് ക്യാമ്പസ് ഫ്രണ്ടിന് വരെ യുയുസിമാരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.
കപട സദാചാരം പറഞ്ഞ് ഇനിയും വിദ്യാര്‍ഥികളുടെ മുന്നിലേക്ക് വരരുത്. നിങ്ങളെ ഇവിടുത്തെ ജെന്‍-സി പിള്ളേര്‍ വരെ ആട്ടിയിറക്കുകയാണ്- നജാഫ് പറയുന്നു.
അതേസമയം, കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വോട്ട് ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. യുയുസി, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളില്‍ കെഎസ്‌യു മത്സരിക്കും, ബാക്കി മുഴുവന്‍ ജനറല്‍ സീറ്റുകളിലും എംഎസ്എസും മത്സരിക്കാം എന്നാണ് എംഎസ്എസ്- കെഎസ്‌യു സംസ്ഥാന നേതാക്കള്‍ ഉണ്ടാക്കിയ ധാരണ. ഒരു ജനറല്‍ സീറ്റിലേക്ക് പോലും കെഎസ്‌യു നോമിനേഷന്‍ നല്‍കിയില്ലെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം അറിയിച്ചു.
കോളജില്‍ മുന്നണി മര്യാദ കെഎസ്യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു. അവസാന നിമിഷം കെഎസ്യു എസ്എഫ്‌ഐയുമായി ചേര്‍ന്ന് യൂണിയന്‍ അട്ടിമറിച്ചു. കെഎസ്യു രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്ന് എംഎസ്എഫ് നേതാവ് സഫ്വാന്‍ ആനുമൂളി പറഞ്ഞു. ജനറല്‍ ക്യാപ്റ്റന്‍ സീറ്റ് ഫ്രട്ടേണിറ്റിയും വിജയിച്ചു. ഫ്രറ്റേണിറ്റിയുടെ വോട്ട് വാങ്ങിയാണ് എസ്എഫ്‌ഐ വിജയിച്ചതെന്ന് ആരോപിക്കുന്ന എംഎസ്എഫ്, കെഎസ്യുകാര്‍ക്ക് രാത്രിയിലും പകലും പല നിലപാടാണെന്നും ശരത് ലാലിനോടും കൃപേഷിനോടും ഷുഹൈബിനോടും സാമാന്യനീതി കാണിക്കണമായിരുന്നുവെന്നും ആവശ്യപ്പെട്ടു.