04
Aug 2025
Wed
04 Aug 2025 Wed
Amoebic meningoencephalitis

(Brain-Eating Amoeba) കോഴിക്കോട് ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. കുളത്തില്‍ നിന്നാകാം അമീബ ബാധയുണ്ടായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, കിണര്‍ വെള്ളത്തില്‍ മാത്രം കുളിച്ചയാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയത് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

whatsapp തലച്ചോര്‍ തിന്നുന്ന അമീബ കിണറ്റിലും; മൂന്ന് മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചു പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം രോഗം സ്ഥിരീകരിച്ച എട്ടുപേരില്‍ നാലു പേര്‍ മരിച്ചിരുന്നു.

അതിനിടെ രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയയുടെ (9) ഏഴു വയസ്സുള്ള ഇളയ സഹോദരനും തിങ്കളാഴ്ച രോഗലക്ഷണങ്ങള്‍ കണ്ടെത്തി.
പനി ബാധിച്ചതിനെത്തുടര്‍ന്ന് ഈ കുട്ടിയുടെ രക്ത സാംപിള്‍ നട്ടെല്ലില്‍ നിന്നെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.

ALSO READ: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെ കുറിച്ച് അറിഞ്ഞിരിക്കാം

ഈ കുട്ടി ഉള്‍പ്പെടെ അനയയുടെ രണ്ടു സഹോദരന്മാര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിനു സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്നു. ഈ കുളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ക്ലോറിനേഷന്‍ നടത്തുകയും അനയ പഠിച്ച സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനും ഓമശ്ശേരി സ്വദേശിയായ മൂന്നു മാസം പ്രായമായ കുഞ്ഞും ചികിത്സയിലുണ്ട്. ഇതില്‍ വെന്റിലേറ്ററില്‍ തുടരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമാണ്.

ഈ കുഞ്ഞിനെ കിണര്‍വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലുളള യുവാവിന് രോഗബാധയുണ്ടായത് വീട്ടിലെ അക്വേറിയത്തിലെ വെളളത്തില്‍ നിന്നാണെന്നാണ് നിഗമനം.

ഇതോടെയാണ് കുളങ്ങള്‍ക്കു പുറമേ കിണറ്റിലും അമീബയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത്. കിണര്‍വെള്ളത്തിലെ അമീബ സാന്നിധ്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. സാധാരണ കെട്ടിനില്‍ക്കുന്ന വെള്ളമുള്ള വലിയ കുളങ്ങളില്‍ മാത്രമാണ് അമീബയെ കാണാറുള്ളത്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) എന്നത് നെഗ്ലേറിയ ഫൗലെറി (Naegleria fowleri) എന്ന അമീബ തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗമാണ്. ഇത് സാധാരണയായി കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ കാണപ്പെടുന്നു, മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നു

രോഗലക്ഷണങ്ങള്‍: കടുത്ത പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, അപസ്മാരം, ബോധക്ഷയം. 97 ശതമാനമാണ് മരണ നിരക്ക്

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

-കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക.
-കുളിക്കുമ്പോള്‍ മൂക്കും വായും മൂടുക.
-നീന്തല്‍ക്കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യുക.

ചികിത്സ: രോഗം നേരത്തെ കണ്ടുപിടിക്കുന്നത് ചികിത്സയില്‍ നിര്‍ണ്ണായകമാണ്, ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നല്‍കുന്നു, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
English News Summary
Kozhikode Health Alert: ‘Brain-Eating Amoeba’ Suspected in Well Water