ഫേസ്ബുക്കും വാട്സാപ്പും ഉള്‍പ്പെടെ നിയന്ത്രിക്കുന്ന ടെക് ഭീമനായ Metaയില്‍ സ്വപ്ന തുല്യ ജോലി നേടി ഇന്ത്യക്കാരന്. 400,000 ഡോളര്‍ (ഏകദേശം 3.6 കോടി) വാര്‍ഷിക ശമ്പളത്തിലാണ് 23 വയസ്സുകാരനായ മനോജ് തുമു മെറ്റയിലെത്തിയത്. ആമസോണിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മെറ്റയിലേക്കു മാറിയത്. അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികളുടെ മകനാണ് മനോജ്.
|
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും (AI) മെഷീന് ലേണിംഗിലുമാണ് (ML) മനോജ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഫുള്‍ടൈം ജോലി ചെയ്യുന്നതിനിടയില്‍ത്തന്നെ AI-യില്‍ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. തുടര്‍ന്നാണ് ആമസോണിലെത്തിയത്.
തന്റെ വിജയത്തിന് പിന്നിലെ നിര്‍ണായക ഘടകങ്ങളെക്കുറിച്ച് ചോദിച്ചാല്‍ മനോജിന്റെ മറുപടി ഇതൊക്കെയാണ്.
1. പഠനത്തോടൊപ്പം പ്രവൃത്തിപരിചയം
ഇന്റേണ്‍ഷിപ്പുകള്‍ വഴി ജോലി ചെയ്ത് പഠിക്കാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കുറഞ്ഞ ശമ്പളമാണെങ്കിലും വിഷമിക്കേണ്ടതില്ല, ജോലി പഠിക്കാനുള്ള അവസരം വളരെ പ്രധാനമാണ്. ഇന്റേണ്‍ഷിപ്പിലൂടെ ലഭിച്ച പ്രവൃത്തിപരിചയമാണ് വലിയ കമ്പനികളിലേക്കുള്ള വഴി തുറന്നത്.
2. മികച്ച റെസ്യൂമെ
മെറ്റയിലും ആമസോണിലും തനിക്ക് ജോലി ലഭിച്ചത് മികച്ച റെസ്യൂമെയിലൂടെയാണ്. ആ കമ്പനികളില്‍ തനിക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. പ്രൊഫഷണല്‍ എക്സ്പീരിയന്‍സ് ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം റെസ്യൂമെ തയ്യാറാക്കേണ്ടത്. രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കില്‍ കോളേജ് പ്രോജക്ടുകള്‍ ഒഴിവാക്കി പകരം പ്രൊഫഷണല്‍ എക്സ്പീരിയന്‍സ് മാത്രം ചേര്‍ക്കുകയാണ് വേണ്ടത്.
3. അഭിമുഖത്തിന് മുമ്പ് നന്നായി പഠിച്ച് തയ്യാറെടുക്കുക
ജോലിക്ക് അപേക്ഷിക്കുന്ന കമ്പനിയെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാവൂ. ആമസോണിലെ ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ആ കമ്പനിയുടെ മൂല്യങ്ങള്‍, അഭിമുഖത്തില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍, അവയുടെ തുടര്‍ച്ചയായി വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ എന്നിവയെല്ലാം വിശദമായി പഠിച്ചിരുന്നു. ഈ രീതിയിലുള്ള തയ്യാറെടുപ്പ് വിജയസാധ്യത വര്‍ദ്ധിപ്പിക്കും.





