11
Jan 2026
Thu
11 Jan 2026 Thu
Syed Faiz-e-Lahi Mosque

demolition near Turkman Gate mosque ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ തുര്‍ക്ക്മാന്‍ ഗേറ്റ് പരിസരത്ത് നടന്ന കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ പോലീസ് അന്യായമായ ബലപ്രയോഗം നടത്തിയതായി ആരോപണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സയ്യിദ് ഫൈസ്-ഇ-ലാഹി മസ്ജിദിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ പൊളിച്ചുനീക്കാനായി എത്തിയ ഉദ്യോഗസ്ഥരും പോലീസും തികച്ചും പ്രകോപനപരമായാണ് പെരുമാറിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കനത്ത കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും കല്ലേറുമാണ് പ്രദേശത്ത് നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസമയത്തെ നടപടി

രാവിലെ 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന കുടിയൊഴിപ്പിക്കല്‍ പുലര്‍ച്ചെ 1.30-ഓടെയാണ് ആരംഭിച്ചത്. ഇത് ജനങ്ങളെ പ്രകോപിപ്പിച്ചു. കല്യാണമണ്ഡപവും ഡിസ്‌പെന്‍സറിയും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തു.

മൂന്ന് മണിക്കൂറോളം പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. ജനവാസ മേഖലയിലെ വീടുകള്‍ക്കുള്ളിലേക്ക് പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ എറിഞ്ഞതായും, ശ്വാസംമുട്ടി പുറത്തിറങ്ങിയ പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ALSO READ: ഗുജറാത്തില്‍ ബുള്‍ഡോസര്‍ രാജ് തുടരുന്നു; പ്രസിദ്ധ ദര്‍ഗയും വീടുകളും ഉള്‍പ്പെടെ 335 കെട്ടിടങ്ങള്‍ തകര്‍ത്തു

സംഭവത്തിന് സാക്ഷിയായ മുഹമ്മദ് അലി (പേര് മാറ്റം ചെയ്തിട്ടുണ്ട്) മക്തൂബിനോട് സംസാരിക്കവേ, പോലീസ് സംഘടിക്കാന്‍ തുടങ്ങിയപ്പോഴും തൊട്ടുപിന്നാലെ ബുള്‍ഡോസറുകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയപ്പോഴും താന്‍ അവിടെയുണ്ടായിരുന്നു എന്ന് പറഞ്ഞു.

എന്തിനാണ് അര്‍ധരാത്രിയില്‍ വന്നത്?

Turkmen gate demolition

‘ഈ പ്രദേശം ഒരിക്കലും ഉറങ്ങാറില്ല. മറ്റു സ്ഥലങ്ങളില്‍ നിന്ന് വിഭിന്നമായി, ഇവിടെ പകലും രാത്രിയും ജോലി നടക്കാറുണ്ട്. അതുകൊണ്ട് പുലര്‍ച്ചെ 1 – 1:30 ഓടെ പോലീസ് സന്നാഹം എത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഉണര്‍ന്നിരിക്കുകയായിരുന്നു. അവര്‍ ഒരു വിവാഹ മണ്ഡപവും (baarat ghar) ഡിസ്പെന്‍സറിയും പൊളിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുകയായിരുന്നു,’ തുര്‍ക്ക്മാന്‍ ഗേറ്റിലെ താമസക്കാരനായ അലി പറഞ്ഞു.

ഈ പള്ളിക്ക് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നും അത് എക്കാലവും ഈ സ്ഥലത്ത് നിലനിന്നിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കല്‍ നടപടിക്കായി തിരഞ്ഞെടുത്ത സമയമാണ് അദ്ദേഹത്തെ ഞെട്ടിച്ചത്. ‘എന്തിനാണ് അവര്‍ രാത്രിയില്‍ വന്നത്? പൊളിക്കല്‍ നടപടിയില്‍ അസ്വസ്ഥരായ ഒരു കൂട്ടം ആളുകളെ പിരിച്ചുവിടാന്‍ എന്തിനാണ് അവര്‍ ഇത്രയും ക്രൂരമായ ബലം പ്രയോഗിച്ചത്? എന്തിനാണ് ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്?’ അദ്ദേഹം ചോദിച്ചു.

ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ‘കൈയേറ്റം ഒഴിപ്പിക്കല്‍’ നടപടിയെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ മധുര്‍ വര്‍മ്മ പറഞ്ഞു. എന്നാല്‍, കേസില്‍ ഏപ്രില്‍ 22-ന് വീണ്ടും വാദം കേള്‍ക്കാനിരിക്കെ എന്തിനാണ് ഇത്ര ധൃതിപ്പെട്ട് നടപടി എടുത്തതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

മസ്ജിദിന് സമീപമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍, ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ആരാധനാലയം അധികൃതര്‍ തൊടുന്നില്ലെന്ന് മുതിര്‍ന്ന പൗരനായ അമീറുദ്ദീന്‍ ആരോപിച്ചു.

അര്‍ധരാത്രിയിലെ ബുള്‍ഡോസര്‍ രാജില്‍ പ്രതിഷേധിച്ച 25-ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ തടഞ്ഞതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭീതിയുടെ നിഴലില്‍ ജനങ്ങള്‍

delh police bulldozer

കടുത്ത തണുപ്പത്ത് കണ്ണീര്‍വാതകത്തിന്റെ രൂക്ഷഗന്ധം കാരണം കുട്ടികളും പ്രായമായവരും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടി. ‘ഞങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചത്. എന്നാല്‍ പോലീസ് ലാത്തി വീശുകയും കല്ലെറിയുകയും ചെയ്തു,’ 70 വയസ്സുള്ള ശഹസാന പറഞ്ഞു. പോലിസുകാരാണ് ആദ്യം കല്ലെറിഞ്ഞത്. ഇതിനോട് പ്രതികരിച്ച് കൊണ്ടാണ് യുവാക്കളുടെ ഭാഗത്ത് നിന്ന് കല്ലേറുണ്ടായത്. സമാധാനപരമായി കഴിഞ്ഞിരുന്ന തങ്ങളെ ഈ സര്‍ക്കാര്‍ ലക്ഷ്യം വെക്കുകയാണെന്ന് സന എന്ന യുവതി ആക്രോശിച്ചു.

വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വര്‍

അതേസമയം, സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചു. തീവ്ര ഹിന്ദുത്വ യൂട്യൂബ് ചാനലുകള്‍ വിദ്വേഷ പ്രചാരണം നടത്തി സ്ഥിതിഗതികള്‍ വഷളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി വഖഫ് ബോര്‍ഡിനും മസ്ജിദ് കമ്മിറ്റിക്കും ഭൂമിയുടെ അവകാശരേഖകളില്ലെന്ന എംസിഡിയുടെ വാദം തെറ്റാണെന്നും തങ്ങളുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്നും പ്രദേശവാസികള്‍ അവകാശപ്പെടുന്നു.