09
Oct 2025
Sun
09 Oct 2025 Sun
coldrif cough syrup

More Deaths After Drinking Cough Syrup തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിവാദ മരുന്നുകളുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധന നടത്തി. ആറു സംസ്ഥാനങ്ങളിലായി കഫ് സിറപ്പുകളും ആന്റി ബയോട്ടിക്കുകളുമടക്കം 19 തരം മരുന്നുകള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളിലാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) പരിശോധന നടത്തിയത്.

whatsapp ചുമ മരുന്ന് കുടിച്ച് കൂടുതല്‍ മരണങ്ങള്‍; തമിഴ് നാട്ടില്‍ പരിശോധന; വിഷമാലിന്യം കണ്ടെത്തി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്നാട്ടിലെ മരുന്നുനിര്‍മാണ ശാലയില്‍ നടത്തിയ പരിശോധനയില്‍ മരുന്നില്‍ വിഷമാലിന്യം കണ്ടെത്തി. കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് അധികൃതര്‍ മുദ്രവെച്ചു. ഇവിടത്തെ പരിശോധനയില്‍ മരുന്നിന്റെ ഒരു ബാച്ചില്‍ ഡൈ എഥിലിന്‍ ഗ്ലൈക്കോള്‍ വന്‍തോതില്‍ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും.

കേരളത്തില്‍ കോള്‍ഡ്‌റിഫ് സിറപ്പിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു. കോള്‍ഡ്‌റിഫ് സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ എട്ട് വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. എല്ലാ കമ്പനികളോടും വിതരണവും വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്. കോള്‍ഡ്‌റിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചു വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് 3 മരണം കൂടി റിപോര്‍ട്ട് ചെയ്തു. രാജസ്ഥാനിലും ഒരു കുട്ടി മരിച്ചു. കൂടുതല്‍ കുട്ടികള്‍ മരിച്ചത് ചിന്ദ്വാഡയിലാണ്. ഇതോടെ ആകെ മരണം 14 ആയി.
നിരോധിച്ച മരുന്ന് നല്‍കിയതിന് മധ്യപ്രദേശില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു

രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുതെന്ന് സെന്‍ട്രല്‍ ഡിജിഎച്ച്‌സിന്റെ നിര്‍ദേശത്തില്‍ പറയുന്നു. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ കടുത്ത നിയന്ത്രണം പാലിക്കണം.