13
Feb 2026
Fri
13 Feb 2026 Fri
Agola Ayyappa Sangamam

Global Ayyappa Sangamam ആഗോള അയ്യപ്പ സംഗമത്തിന്റെ വന്‍ തിരിമറികള്‍ നടന്നതായി വിവരം. ഓഡിറ്റ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയായി. വേദിയില്‍ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയാണത്രെ. നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ പറയുന്നു. ഈ പണം എങ്ങോട്ട് പോയി, ആര് അടിച്ചമാറ്റി എന്ന ചോദ്യമാണ് ഉയരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവായി. കോര്‍ണര്‍ സോഫയ്ക്ക് 65000. പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികള്‍ ദേവസ്വം സ്വത്തായി മാറ്റി. എന്നാല്‍ ഇത് എങ്ങോട്ട് മാറ്റി എന്നതില്‍ വ്യക്തതയില്ല. ടാക്സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി.

ALSO READ: ഇതാണ് എരഞ്ഞിപ്പാലത്തെ ‘അവ്വൈ ഷണ്‍മുഖി’; ഫുട്പാത്തില്‍ കയറിയ സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞത് 70 കഴിഞ്ഞ പ്രഭാവതിയമ്മ

ആഗോള അയ്യപ്പ സംഗമത്തില്‍ പമ്പയില്‍ പ്രധാന വേദിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ഭജന നടത്തിയെന്നാണ് രേഖയില്‍ പറയുന്നത്. എന്നാല്‍, അന്ന് നന്ദഗോവിന്ദം ഭജന്‍സ് പമ്പയിലോ ശബരിമലയിലോ ഭജന നടത്തിയിട്ടില്ല. അന്ന് നടന്നത് ഭക്തി ഗാന സദസ് ആയിരുന്നു. പ്രധാന വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവും സംഘവുമായിരുന്നു. ഈ പരിപാടി അടക്കം കലാപരിപാടിക്ക് വകയിരുത്തിയത് രണ്ട് ലക്ഷം രൂപയാണ്. ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമര്‍പ്പിച്ചിട്ടില്ല.

വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ കണക്കില്ല. അയ്യപ്പ സംഗമ ദിവസം വൈകിട്ടാണ് ഈ ഗായകര്‍ അയ്യപ്പഗാനമേള അവതരിപ്പിച്ചത്. അവര്‍ക്ക് പണം നല്‍കിയതിന്റെ കണക്കില്ല. പത്ത് കോടിയിലധികം രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇതുവരെ കൊടുത്ത് തീര്‍ത്തത് ആറു കോടി 64 ലക്ഷം രൂപയാണ്. ഇനി കൊടുത്ത് തീര്‍ക്കാനുള്ളത് നാല് കോടി 35 ലക്ഷം രൂപയുമാണ്.