Philip Mampad സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് നന്മ മരം ചമഞ്ഞു നടക്കുന്ന മറ്റൊരു വിഗ്രഹം കൂടി ഉടഞ്ഞു വീഴുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ആരാധകവൃന്ദമുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഫിലിപ്പ് മമ്പാട് എന്ന മുന്‍ എസ്‌ഐയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
|
ലഹരി വിരുദ്ധ ക്ലാസുകള്‍ നടത്തി പേരെടുത്ത ഫിലിപ്പ് മമ്പാടിന്റെ പീഡനത്തിന് ഇരയായ കോഴിക്കോട് സ്വദേശിയായ പതിനാറുകാരി മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയാണ്. കേസില്‍ മുന്‍ എസ്.ഐ.യും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാട് (49) അറസ്റ്റിലായി. പെണ്‍കുട്ടി കോഴിക്കോട് ചേവായൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ചേവായൂര്‍ പോലീസില്‍ പരാതിനല്‍കി. പെരിന്തല്‍മണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവര്‍ഷം മുന്‍പാണ് ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്താനായി സ്വയം വിരമിച്ചത്.
ALSO READ: മോട്ടിവേഷന്‍ സ്പീക്കറും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍
പിതാവ് ഉപേക്ഷിച്ച് പോയതാണ് കുട്ടിയുടെ കുടുംബം. മാതാവ് പുറത്ത് ജോലിക്കു പോയാണ് കുടുംബം പോറ്റുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വലിയുമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്. കുട്ടിയുടെ സ്വഭാവത്തിലുള്ള പ്രശ്‌നങ്ങള്‍ കൗണ്‍സിലിങിലൂടെ പരിഹരിക്കാമെന്നും അതിന് തന്റെ കൂടെ താമസിപ്പിക്കാമെന്നും ഫിലിപ്പ് മമ്പാട് കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കൗണ്‍സിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ രക്ഷിതാക്കള്‍ കൊണ്ടാക്കിയതിനെത്തുടര്‍ന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു. ഒരു പരിചയക്കാരന്റെ ഉറപ്പ് വിശ്വസിപ്പിച്ചാണ് കുട്ടിയെ അവിടെ ഏല്‍പ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെണ്‍കുട്ടിയെ കാസര്‍കോട് കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. ദിവസങ്ങള്‍ക്കകം കുട്ടി തന്നെ തിരികെ കൊണ്ടു പോകണമെന്ന് രക്ഷിതാക്കളോട് കരഞ്ഞ് ആവശ്യപ്പെടുകയായിരുന്നു.
നിയമ നടപടികളെക്കുറിച്ചു ധാരണയില്ലാത്ത ആ കുടുംബം വിഷയത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു ബന്ധു മുഖേന ഒരു പോലീസ് ഓഫീസര്‍ സംഭവമറിയുന്നത്. പോലീസ് ഓഫീസര്‍ നല്‍കിയ പിന്തുണയിലും ധൈര്യത്തിലുമാണ് കുടുംബം പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നത്.
അതിജീവിതയുടെ മൊഴി ചേവായൂര്‍ പോലീസ് രേഖപ്പെടുത്തി. കാരച്ചാലിലെ വീട്ടില്‍നിന്ന് ഇരുവരും ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു. എന്നാല്‍ നിരപരാധിയാണെന്നും കേസ് വന്നാല്‍ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു. ഫിലിപ്പിനെ കോടതി റിമാന്‍ഡ് ചെയ്തു.
കുടുംബത്തെയും പോലീസിനെയും ആക്ഷേപിച്ച് സോഷ്യല്‍ മീഡിയ
ഫിലിപ്പ് മമ്പാട് എന്ന നന്മ മരം കടപുഴകി വീഴുന്നത് വിശ്വസിക്കാനാവാത്ത ആരാധകര്‍ സംഭവത്തില്‍ കേസെടുത്ത പോലീസിനും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ഫിലിപ്പ് മമ്പാട് ലഹരിക്കെതിരേ ക്ലാസെടുക്കുന്ന ആളായതിനാല്‍ ലഹരി മാഫിയ അദ്ദേഹത്തെ കുടുക്കിയതാണെന്നാണ് ആക്ഷേപം. പോലീസും അതിജീവിതയുടെ കുടുംബവും ഇതിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നും ഒരു വിഭാഗം ആക്ഷേപിക്കുന്നു.



