 
                    Mosque in Amritsar അമൃത്സര്‍: പഞ്ചാബിലെ കോട് റസാദ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട മസ്ജിദില്‍ ഏഴ് പതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയര്‍ന്നു. 1947 ലെ വിഭജനത്തെത്തുടര്‍ന്ന് മുസ്ലിംകള്‍ പ്രദേശം വിട്ടുപോയതോടെ നഷ്ടമായ പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍പ്പെട്ട അജ്നാല താലൂക്കില കോട് റസാദ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പള്ളിയാണ് വീണ്ടും മുസ്ലിംകള്‍ക്ക് വിട്ടുകിട്ടിയത്.
|  | 
 | 
ആളൊഴിഞ്ഞതോടെ മിഷനറിമാര്‍ ക്രിസ്ത്യന്‍ സ്‌കൂളായി പരിവര്‍ത്തനം ചെയ്ത മസ്ജിദ് ഇന്നലെ ഔദ്യോഗികമായി മുസ്ലിംകള്‍ക്ക് കൈമാറി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍.പി.എഫ്) മുന്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണറായ എച്ച്.കെ പത്താന്‍ ആണ്, 1947ന് ശേഷം ആദ്യമായി ഇവിടെ ബാങ്ക് വിളിച്ചത്.
പഞ്ചാബില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യാനായി നാഗ്പഡയിലെ മഹാരാഷ്ട്ര കോളേജിലെ അലൂംനി അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പമെത്തിയപ്പോഴാണ് പത്താന്‍ ജീര്‍ണാവസ്ഥയിലുള്ള പള്ളി കണ്ടത്. 1900കളുടെ തുടക്കത്തില്‍ നിര്‍മ്മിച്ച പള്ളി, വിഭജനകാലത്തെ കലാപത്തെത്തുടര്‍ന്ന് ഇവിടെയുള്ള മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോയതോടെ സംരക്ഷിക്കാനാളില്ലാതെ കിടക്കുകയായിരുന്നു. ഇതോടെ ക്രിസ്ത്യന്‍ മിഷനറിമാര്‍ കൈയേറിയ പള്ളിയും പരിസരവും താല്‍ക്കാലിക സ്‌കൂളായി ഉപയോഗിച്ചു. സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. രവി നദിക്ക് സമീപത്തെ ഈ ഗ്രാമത്തില്‍ നിലവില്‍ മുസ്ലിംകളാരുമില്ല.
പ്രാദേശിക സിഖ്, ഹിന്ദു പൗരപ്രമുഖരാണ് പള്ളി മുസ്ലിം മാനേജ്മെന്റിലേക്ക് പുനഃസ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. പഞ്ചാബിലെ ഷാഹി ഇമാമിന്റെ സാന്നിധ്യത്തില്‍ മഹാരാഷ്ട്ര കോളജ് അലൂംനി അസോസിയേഷന്റെ പങ്കാളിത്തത്തോടെയാണ് കൈമാറ്റം സുഗമമാക്കിയത്.
മഹാരാഷ്ട്ര കോളജിന്റെ സുവര്‍ണ്ണ ജൂബിലി വേളയില്‍ 2017 ല്‍ സ്ഥാപിതമായതാണ് അലൂംനി അസോസിയേഷന്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സഹായം, പ്രകൃതിദുരന്തത്തിന് ഇരയായവര്‍ക്കുള്ള സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീമാണ് അലുംനി.
 
                                 
                            
 
                                 
                                 
                                
 
                                     
                                     
                                    
 
                         
                        
 
                         
                        
 
                         
                         
                        