16
Apr 2024
Sun
16 Apr 2024 Sun

ഹിന്ദുമുസ്ലിം വിഭാഗീയത ചെലവാകാത്തത് കൊണ്ടാണ് കേരളം ബിജെപി ഭരിക്കാത്തത്; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുരളി ഗോപി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയിലുള്ള വിഭാഗീയത ചെലവാകാത്തത് കൊണ്ടാണ് കേരളത്തില്‍ ബിജെപി അധികാരത്തിലേറാത്തതെന്ന് നടനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ മുരളി ഗോപി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി പരിശോധിച്ച് നോക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രം തികച്ചും വിഭിന്നമാണ്. ഇവിടെ സ്പര്‍ദ്ധയുടെ ചരിത്രമില്ല. ഇവിടെ മത സംഘര്‍ഷങ്ങള്‍ക്ക് കാണാനും കഴിയില്ല. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ ഇല്ലാത്ത കാര്യമാണത്. ഇവിടെ എത്രത്തോളം ഹിന്ദു മുസ്ലിം വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചാലും അത് വിലപ്പോവില്ലെന്നും ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

എന്നാല്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി ഒരു പ്രചാരണം അഴിച്ചുവിടുമ്പോള്‍ അങ്ങനെയൊരു സംഘര്‍ഷം ഇവിടെയും ഉണ്ടാക്കി എടുക്കാന്‍ കഴിയും. അത് വളരെ അപകടകരമാണ്. അങ്ങനെ വരുമ്പോള്‍ സ്പര്‍ദ്ധ കൂടും. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കാര്യം ഇവിടെ വര്‍ധിക്കുന്നുണ്ട്. അത് തുടര്‍ച്ചയായി അടിച്ചേല്‍പ്പിക്കുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്.

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം കൊണ്ടാണ് ആ സംഘര്‍ഷം ഉണ്ടാവാത്തത് എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. കേരളത്തില്‍ ഇടതുപക്ഷം എന്ന ഒന്ന് ഇല്ല. ഇപ്പോഴുള്ള ഇടതുപക്ഷം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ റൈറ്റ് വിംഗ് ആണ്. കാരണം വലതുപക്ഷത്തിന്റെ എല്ലാ പ്രവണതകളും കാണിക്കുന്ന ഇടതുപക്ഷമാണ് ഇവിടെയുള്ളതെന്നും മുരളി ഗോപി പരിഹസിച്ചു.

ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരംഭ ശൂരത്വമുണ്ടാകും. ആം ആദ്മി പാര്‍ട്ടിയിലൊക്കെ അതാണ് കണ്ടത്. എന്നാല്‍ പിന്നീട് ആ ആവേശം ഉണ്ടാകാറില്ല. തീവ്ര വലതുപക്ഷം അങ്ങനെയല്ല, അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടായിരിക്കും. മതത്തിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തത്വത്തിലോ അടിസ്ഥാനപ്പെടുത്തി മുന്നോട്ട് പോകുന്നവരായിരിക്കും അവര്‍. വീരാരാധന അഥവാ ഒരു വ്യക്തിയെ ഹീറോ ആയി കാണുന്ന പ്രവണത എക്കാലത്തുമുള്ളതാണ്. ഇങ്ങനെ കാണുന്ന ഹീറോകള്‍ നല്ല തിന് വേണ്ടി നില്‍ക്കുന്നവരും ചീത്തതിന് വേണ്ടി നില്‍ക്കുന്നവരും കാണും. തീവ്ര വലതുപക്ഷ നേതാക്കള്‍ പലരും അവരുടെ ഈ വ്യക്തിപ്രഭാവം തെറ്റായ ദിശയിലോട്ട് കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു.

മലയാള സിനിമയുടെ പുതിയ കാലത്ത് ഏറ്റവും ശക്തമായ എഴുത്തുകളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത തിരക്കഥാകൃത്തുകളില്‍ ഒരാളായ മുരളി ഗോപി അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകനാണ്.