21
Jan 2026
Sat
21 Jan 2026 Sat
Muslim league will rule if UDF win in assembly election says Vellappally

യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് മുസ് ലിം ലീഗായിരിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല. എന്റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണ്. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറി, ഇനി നായാടി മുതല്‍ നസ്രാണി വരെ എന്നതാണ് മുദ്രാവാക്യം. നായാടി മുതല്‍ നസ്രാണി വരെയുള്ളവര്‍ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതുഅജണ്ടയില്‍ മുസ് ലിം സമുദായവും വന്നാല്‍ ഉള്‍പ്പെടുത്താം. ക്രിസ്ത്യന്‍ സമുദായത്തിന് ഭയമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ് എന്‍ ഡി പി യോഗം കണയന്നൂര്‍ യൂനിയന്‍ വനിതാ സംഘത്തിന്റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈഴവ വിരോധിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശന്‍ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്ന സതീശന്‍ രാഷ്ട്രീയ മര്യാദ കാണിക്കണം. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് സതീശന് ഇഷ്ടമായില്ല. വി ഡി സതീശന് മുസ് ലിം ലീഗിന്റെ സ്വരമാണ് ഇപ്പോള്‍. വി ഡി സതീശന് വട്ടാണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സതീശന്‍ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയെയും തമ്മിലടിപ്പിച്ചത് യുഡിഎഫ് ആണെന്നും എന്നാല്‍ ഇനി എന്‍എസ്എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഈ മാസം 21 ന് ആലപ്പുഴയില്‍ ചേരുന്ന എസ്എന്‍ഡിപി സമ്മേളനം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ALSO READ: തവാങ്ങില്‍ തടാകത്തില്‍ വീണു കാണാതായ രണ്ടാമത്തെ മലയാളി യുവാവിന്റെ മൃതദേഹവും കണ്ടെത്തി