31
Mar 2026
Tue
31 Mar 2026 Tue
najma thabsheera umer faizy mukkam

മലപ്പുറം: ജനറല്‍ സ്റ്റീല്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് കൊണ്ടുള്ള സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന പുഛിച്ച് തള്ളി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമര്‍ ഫൈസിയുടെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ പ്രാപ്തരാണ്. ഉമര്‍ ഫൈസി മുക്കത്തിന്റേത് എക്‌സ്പയേര്‍ഡ് പ്രസ്താവനയാണെന്നും അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനറല്‍ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും സമസ്ത അതിന് ലീഗിന് അനുവാദം നല്‍കിയിട്ടില്ലെന്നുമാണ് ഉമര്‍ ഫൈസി പറഞ്ഞത്. നിര്‍ബന്ധിത ഘട്ടത്തിലാണ് ഇസ്ലാം സ്ത്രീകള്‍ക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതെന്നും ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ പ്രാപ്തരായ പുരുഷന്മാര്‍ ഉണ്ടെന്നിരിക്കേ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നത് ഇസ്ലാമികമല്ലെന്നുമാണ് ഉമര്‍ ഫൈസിയുടെ നിലപാട്.

‘ഉമര്‍ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. സംഘടനയുടെ അഭിപ്രായമായി വായിക്കേണ്ടതില്ല. ഉമര്‍ ഫൈസി പറഞ്ഞതിനെ ജിഫ്രി തങ്ങള്‍ തന്നെ തിരുത്തിയിട്ടുണ്ട്. അങ്ങനെ ഒരു നിലപാട് സമസ്തക്കില്ല എന്ന് അദ്ദേഹം വിശദമാക്കുകയുണ്ടായി. അതുകൊണ്ട് തന്നെ ആ പ്രസ്താവന സമസ്തയുടെ അഭിപ്രായമായി കാണേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയയും മുസ്‌ലിം ലീഗ് നേതാവ് ജയന്തി രാജനുമടക്കം രണ്ട് വനിതകള്‍ ലീഗ് സ്ഥാനാര്‍ത്ഥികളാണ്. വനിതാ ലീഗും, ഹരിതയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. കരുത്ത് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്’ -നജ്മ തബ്ഷീറ പറഞ്ഞു.

ഉമര്‍ ഫൈസിയുടെ പ്രസ്താവനക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. അനവസരങ്ങളില്‍ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ‘ഉത്തരവാദപ്പെട്ടവര്‍ അത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിയണം. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അതത് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ മതത്തിന്റെയും രാഷ്ടീയ പാര്‍ട്ടികളുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാം’ -തങ്ങള്‍ പറഞ്ഞു. വ്യക്തിഹത്യകളില്‍ നിന്നും വിദ്വേഷ പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിനെതിരെയാണ് ഉമര്‍ ഫൈസി മുക്കം പരസ്യമായി രംഗത്തുവന്നത്. ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും സംവരണ സീറ്റുകളില്‍ മാത്രം സ്ത്രീകളെ നിര്‍ത്താനാണ് സമസ്ത നേരത്തെ അനുവാദം നല്‍കിയിട്ടുള്ളതെന്നും ഉമര്‍ഫൈസി പറഞ്ഞു.

‘തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിയ കാലത്ത് ലീഗ് നേതൃത്വം സമസ്തയുടെ അഭിപ്രായം തേടിയിരുന്നു. അന്ന് സംവരണ സീറ്റുകളില്‍ മാത്രം ഇളവ് നല്‍കുകയും ജനറല്‍ സീറ്റുകളില്‍ പുരുഷന്മാരെ തന്നെ പരിഗണിക്കണമെന്നുമാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ലീഗിന്റെ ഭാഗത്തുനിന്ന് ഈ നിലപാടില്‍ മാറ്റം കാണുന്നുണ്ട്. ഇത് സമസ്തയുടെ ഫത്വയുമായി ചേരുന്നതല്ല. മുസ്ലിം ലീഗ് സമസ്തയുടെ കൂടെ നില്‍ക്കുന്നതാണ് അവര്‍ക്ക് നല്ലത്. സംഘടനയുടെ ആദര്‍ശത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. നിലവിലെ ഭരണത്തെക്കുറിച്ച് പരാതികളില്ല. പ്രാപ്തരായ പുരുഷന്മാര്‍ ധാരാളമുള്ളപ്പോള്‍ സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ ഉറച്ച നിലപാട്’ -എന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രസ്താവന.