World Cup Tickets ന്യൂയോര്‍ക്ക്: യു.എസ് നയങ്ങളില്‍ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനുള്ള ആഹ്വാനം ടൂര്‍ണമെന്റിന്റെ നിലനില്‍പിനെ ബാധിക്കുമോ? സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകള്‍ മുഴങ്ങിക്കഴിഞ്ഞു. 2026ല്‍ യു.എസ്, കനഡ, മെക്‌സികോ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്.
|
അമേരിക്കയിലെ സുരക്ഷാ ആശങ്കകള്‍, രാഷ്ട്രീയ പ്രതിഷേധങ്ങള്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പതിനായിരക്കണക്കിന് ആരാധകര്‍ 2026 ലോകകപ്പ് ടിക്കറ്റുകള്‍ റദ്ദാക്കിയതായാണ് റിപോര്‍ട്ട്. ഈ അപ്രതീക്ഷിത നീക്കത്തെത്തുടര്‍ന്ന് ഫിഫ (FIFA) ഈ ആഴ്ച അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
യു.എസിലെ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുത്തവര്‍ അവ റദ്ദാക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്ന ബഹിഷ്‌കരണ ആഹ്വാനത്തിന് ഏറെ പിന്തുണയാണ് ലഭിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഇതിനകം ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തത്.
2026 ജൂണ്‍ 11ന് തുടങ്ങി ജൂലൈ 19ന് അവസാനിക്കുന്ന ലോകകപ്പില്‍ ഇക്കുറി 104 മത്സരങ്ങളാണുള്ളത്. ഇതില്‍ 78 മത്സരങ്ങളും യു.എസിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 6-7 മില്യണ്‍ ടിക്കറ്റുകളാണ് യഥാര്‍ഥത്തില്‍ ഉള്ളതെന്നിരിക്കേ, 150 മില്യണ്‍ അപേക്ഷകള്‍ ടിക്കറ്റിനായി എത്തിയിട്ടുണ്ടെന്ന് ഡിസംബറില്‍ ഫിഫ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.
‘റോയ ന്യൂസ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഒരൊറ്റ രാത്രികൊണ്ട് ഏകദേശം 16,800 ടിക്കറ്റുകളാണ് ആരാധകര്‍ റദ്ദാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഇതിന് പ്രധാന കാരണം. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ചാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ പിന്മാറുന്നത്. 24 മണിക്കൂറിനകമാണ് ഇതില്‍ സിംഹഭാഗവും കാന്‍സല്‍ ചെയ്തത്.
യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണത്തിനു കീഴിലെ സുരക്ഷാ ആശങ്കകള്‍, രാഷ്ട്രീയ പ്രതിഷേധങ്ങള്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നിവയാണ് കാന്‍സല്‍ ചെയ്യാനുള്ള കാരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത്. #BoycottWorldCup എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതിന് ഫിഫ കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെക്കുമ്പോഴാണ് ഇത്തരത്തില്‍ വ്യാപകമായി ടിക്കറ്റുകള്‍ റദ്ദാക്കുന്നത്. വിറ്റഴിച്ച ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഫിഫ അനുവദിക്കാറില്ല. അതിനാല്‍, ടിക്കറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടത്തില്‍ (റാന്‍ഡം ഡ്രോ അല്ലെങ്കില്‍ മെമ്പര്‍ ഓര്‍ഗനൈസേഷന്‍ വഴിയുള്ള വാങ്ങല്‍) ലഭിച്ച ടിക്കറ്റുകളില്‍ നിന്നുള്ള പിന്മാറ്റമാണിതെന്ന് കരുതപ്പെടുന്നു. ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ശരിയായ ദിശയില്‍ ആയിരിക്കുമോ എന്ന കാര്യത്തില്‍ കളിക്കമ്പക്കാരും യു.എസ് പൗരന്മാരും ഉത്കണ്ഠാകുലരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിഫയുടെ അടിയന്തര യോഗം
ടിക്കറ്റ് കാന്‍സലേഷന്‍ കുതിച്ചുയര്‍ന്നതോടെ ആശങ്കാകുലരായ ഫിഫ അധികൃതര്‍ അടുത്ത ദിവസം അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുതിര്‍ന്ന ഭാരവാഹികള്‍, മെമ്പര്‍ അസോസിയേഷനുകള്‍, ടൂര്‍ണമെന്റ് സംഘാടകര്‍ എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്.
യോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും ഫിഫ നടത്തിയിട്ടില്ല. എന്നാല്‍, കളിക്കമ്പക്കാരുടെ ആശങ്കകള്‍ അകറ്റാനും ടിക്കറ്റ് അപേക്ഷയിലെ ഇടിവ് പരിഹരിക്കാനുമുള്ള വഴികളായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളെന്ന് റോയല്‍ ന്യൂസ് ചൂണ്ടിക്കാട്ടുന്നു.
ടൂര്‍ണമെന്റ് അടുത്തെത്തിനില്‍ക്കെ ആരാധകരുടെ ഈ കൂട്ടത്തോടെയുള്ള പിന്മാറ്റം ഫിഫയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.





