24
Mar 2024
Wed
24 Mar 2024 Wed
nellai mubarak sdpi candidate

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്ഡിപിഐ മല്‍സരിക്കുന്ന ഏക മണ്ഡലമായ ദിണ്ടിഗല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക് സ്ഥാനാര്‍ഥിയാവും. അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഇവിടെ മല്‍സരിക്കുന്നത്. ഡിഎംകെ മുന്നണിയില്‍ മല്‍സരിക്കുന്ന സിപിഎമ്മിലെ ആര്‍ സച്ചിതാനന്ദനാണ് പ്രധാന എതിര്‍സ്ഥാനാര്‍ഥി. (nellai-mubarak-sdpi-dindigul-candidate)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുനെല്‍വേലി പാളയംകോട്ട സ്വദേശിയായ മുബാറകിന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാളയംകോട്ട മണ്ഡലത്തില്‍ നിന്ന്് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുബാറക് 12,241 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

ഡിഎംകെയുടെ സിറ്റിങ് സീറ്റായ ദിണ്ടിഗലില്‍ എസ്ഡിപിഐക്ക് വിജയിച്ചു കയറുക എന്നത് ഏറെ ദുഷ്‌കരമാവും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഡിഎംകെ സ്ഥാനാര്‍ഥി പി വേലുസ്വാമി ഇവിടെ ജയിച്ചത്. ഇത്തവണ ബിജെപിക്കൊപ്പം ചേര്‍ന്ന പട്ടാളി മക്കള്‍ കക്ഷിയിലെ കെ ജ്യോതിമുത്തുവായിരുന്നു രണ്ടാം സ്ഥാനത്ത്. ബിജെപി ഇതുവരെ മണ്ഡലത്തില്‍ സ്ഥനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദിണ്ടിഗല്‍ മണ്ഡലത്തില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ഒന്നേ കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് വിജയിച്ച എം വിജയകുമാറിന് ലഭിച്ചത്. പളനി, ഒഡന്‍ചത്രം, ദിണ്ടിഗല്‍, അത്തൂര്‍, നിലക്കോട്ടെ, നാഥം, നിയമസഭാ മണ്ഡലങ്ങളാണ് ദിണ്ടിഗല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ മൂന്ന് മണ്ഡലങ്ങള്‍ വീതം ഡിഎംകെയും അണ്ണാഡിഎംകെയും കൈവശംവച്ചിരിക്കുന്നു. ദിണ്ടിഗല്‍, നിലക്കോട്ടെ, നാഥം മണ്ഡലങ്ങളിലാണ് അണ്ണാ ഡിഎംകെ എംഎല്‍എമാരുള്ളത്.