ഇന്ത്യന്‍ ശിക്ഷാനിയമ(ഇന്ത്യന്‍ പീനല്‍ കോഡ്)ത്തിനു പകരം കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ഇന്ത്യന്‍ പീനല്‍ കോഡ് 1860, സിആര്‍പിസി(1973), ഇന്ത്യന്‍ തെളിവ് നിയമം(1872)എന്നിവയ്ക്കു പകരം പ്രാബല്യത്തില്‍ വരുന്നത്. പാര്‍ലമെന്‍്‌റ് പാസാക്കിയ നിയമത്തിന് കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി അംഗീകാരം നല്‍കിയിരുന്നു.(New Criminal Laws Come Into Effect From July 1)
|
ഭാരതീയ ന്യായ സന്‍ഹിതയില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിര്‍വചനം മാറ്റിയിട്ടുണ്ട്. ‘വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അതൃപ്തിയോ, അനിഷ്ടമോ, വെറുപ്പോ ഉണ്ടാക്കല്‍’ എന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ (ഐപിസി) രാജ്യദ്രോഹക്കുറ്റത്തിന്റെ നിര്‍വചനം. 124 എ ആണ് വകുപ്പ്. മൂന്ന് വര്‍ഷം മുതല്‍ പരമാവധി ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാല്‍ പുതുതായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ‘ഭാരതീയ ന്യായ സന്‍ഹിത’യിലെ 150ാം വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നത്’ എന്നാണ് ഈ വകുപ്പ് പറയുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയുമോ ജീവപര്യന്തം തടവോ ശിക്ഷയായി ലഭിക്കാം.





