03
Jul 2025
Wed
03 Jul 2025 Wed
nimisha priya subhash chandran

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്നത് വ്യാജ അവകാശവാദമാണെന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി അഭിഭാഷകന്‍. (Nimisha Priya: AP Aboobacker Musliyar intervention- Adv Subshash Chandran)  കാന്തപുരം ഇടപെടും മുമ്പ് തന്നെ വധശിക്ഷ മാറ്റിവച്ചിരുന്നുവെന്ന് വാദിക്കുന്നവര്‍ക്ക് മറുപടിയുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാന്തപുരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വിധിപ്പകര്‍പ്പിന്റെ ആധികാരികതയിലും അതിലുള്ള തിയ്യതിയിലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കാന്തപുരം ഇടപെടുന്നു എന്ന് വാര്‍ത്ത വരുന്നതിന് മുമ്പുള്ള തിയ്യതിയാണ് വധശിക്ഷ മാറ്റിവയ്ക്കപ്പെട്ട വിധിപ്പകര്‍പ്പിലുള്ളത്.

ALSO READ: എന്ത് സമ്മര്‍ദ്ദമുണ്ടായാലും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാകുമെന്ന് തലാലിന്റെ സഹോദരന്‍

എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മലയാള മാധ്യമങ്ങള്‍ക്ക് അറബി തീയതി വായിക്കാന്‍ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നല്‍കി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ചിലര്‍ പറയുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തില്‍ പുറത്തുവന്ന കാര്യമാണ്. ശുഭ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വാക്കാല്‍ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തില്‍ ഒഫീഷ്യല്‍ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതുമാണെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

‘ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകള്‍ക്ക് നടത്താന്‍ പരിമിതികളുള്ള ഒരു കാര്യത്തില്‍ കുടുംബവുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള നിര്‍ണായക ഇടപെടല്‍ ഉസ്താദ് നടത്തുമ്പോള്‍ അതില്‍ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ‘ഇത് മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഇടപെടലാണ്’- സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ. സുഭാഷ് ചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട- യമന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക ക്രിമിനല്‍ കോടതി എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിസ്വാന്‍ അഹമ്മദ് അല്‍-വജ്‌റ, ക്രിമിനല്‍ കോര്‍ട് പ്രോസിക്യൂട്ടര്‍ സ്വാരിമുദീന്‍ മുഫദ്ദല്‍ എന്നിവര്‍ ഒപ്പിട്ട വിധിപ്പകര്‍പ്പിന്റെ ആധികാരികതയിലാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം. അതില്‍ ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ എന്നൊക്കെയുണ്ടല്ലോ എന്നാണ് അതില്‍ ഒന്ന്. ശിക്ഷ നീട്ടിവെച്ചു, എന്നാല്‍ കാന്തപുരം ഇടപെട്ടിട്ടില്ല എന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടര്‍ പറയുന്ന നേരത്ത് ആ നീട്ടിവെച്ചതിന്റെ വിധിപ്പകര്‍പ്പിതാ കയ്യില്‍ കിട്ടിയിരിക്കുന്നു, അത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണ് എന്ന് പറയാന്‍ അതില്‍ ‘ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യയുടെ’ വാട്ടര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടാലും മറ്റുള്ളവര്‍ അതെടുത്ത് തങ്ങള്‍ക്കും കിട്ടിയല്ലോ എന്നുപറഞ്ഞു രംഗത്തുവരുമായിരുന്നു. ഒരു വാര്‍ത്ത/ദൃശ്യം തങ്ങള്‍ മുഖേനയാണ് ആദ്യം പുറത്തുവന്നത് എന്നുപറയാന്‍ ചാനലുകള്‍ അങ്ങനെ വാട്ടര്‍മാര്‍ക്ക് നല്‍കുന്ന പതിവുള്ളത് എല്ലാവര്‍ക്കും അറിയാമല്ലോ. (ഈ കോടതി തന്നെ ഇതേ കേസിന്റെ വിശദാംശങ്ങള്‍ ഈ മാസം ആറാം തിയ്യതി ഇതേ ലെറ്റര്‍ഹെഡില്‍ പുറത്തുവിട്ടത് ഇതൊടൊപ്പം നല്‍കുന്നു. അതുകാണുമ്പോള്‍ ഈ കോടതി ഉത്തരവിന്റെ ആധികാരികത ബോധ്യപ്പെടും. വാട്ടര്‍മാര്‍ക്ക് നേരത്തെ പറഞ്ഞ ഉദ്ദേശ്യത്തില്‍ നല്‍കിയതാണെന്ന് ഓളമുള്ളവര്‍ക്ക് ബോധ്യപ്പെടും.)

മറ്റൊന്ന് തിയ്യതിയുമായി ബന്ധപ്പെട്ടാണ്. മലയാള മാധ്യമങ്ങള്‍ക്ക് അറബി തിയ്യതി വായിക്കാന്‍ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നല്‍കി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തില്‍ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തില്‍ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വാക്കാല്‍ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തില്‍ ഒഫീഷ്യല്‍ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതുമാണ്.

ഇന്നലെ രാത്രി വൈകിയും ചര്‍ച്ചകള്‍ നടക്കുന്ന കാര്യവും, ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിന്‍ അമീന്‍ ചര്‍ച്ചയില്‍ ഇടപെടുകയും ശിക്ഷാ നടപടികള്‍ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുകയും ഉടനെ തന്നെ കോടതിയെ സമീപിച്ച കാര്യവും അറിഞ്ഞിരുന്നു. രാത്രി വൈകിയുണ്ടായ വിധിയുടെ ഉത്തരവ് രേഖയാവാന്‍ എടുത്ത താമസമോ കയ്യില്‍ ലഭിക്കാന്‍ വൈകിയതോ ഒക്കെ ഈ വിഷയത്തില്‍ സംഭവിച്ചിരിക്കാം(ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ പരിമിതമായ രാജ്യത്തെ പ്രദേശങ്ങളില്‍ നിന്ന് അയക്കുന്ന ഒരു മെസേജിന് റിപ്ലൈ നല്‍കിയാല്‍ വളരെ വൈകിയാണ് അവരത് കാണുന്നതും പ്രതികരിക്കുന്നതുമെന്നത് മറ്റൊരു കാര്യം).

ഇന്ന് രാവിലെ മുതല്‍ മാധ്യമങ്ങള്‍ ബന്ധപ്പെടുന്ന സമയത്തും ശുഭവാര്‍ത്തയുണ്ട്, രേഖ കയ്യില്‍ ലഭിച്ചാല്‍ പ്രതികരിക്കും എന്ന് തന്നെയായിരുന്നു ഉത്തരം. അങ്ങനെ ലഭിച്ച അവസരത്തിലാണ് ഉസ്താദ് പ്രതികരിക്കുന്നതും. അപ്പോഴും ഡേറ്റ് ശ്രദ്ധയിലില്ലാത്തതോ, അല്ലെങ്കില്‍ മലയാളികളെ പറ്റിക്കാം എന്നുകരുതിയോ അല്ല, കോടതിയില്‍ കഴിഞ്ഞ ദിവസം തന്നെ ഇടപെടലുകള്‍ ഉണ്ടായെന്ന് പറഞ്ഞല്ലോ. അപ്പോള്‍ അത് ആ അര്‍ഥത്തില്‍ തന്നെ സംഭവിച്ചതായേ മനസ്സിലാക്കുന്നുള്ളൂ.

ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകള്‍ക്ക് നടത്താന്‍ പരിമിതികളുള്ള ഒരു കാര്യത്തില്‍ കുടുംബവുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള നിര്‍ണായക ഇടപെടല്‍ ഉസ്താദ് നടത്തുമ്പോള്‍ അതില്‍ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ‘ഇത് മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഇടപെടലാണ്’.