Nine-page suicide note written by CJ Roy? ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത്. റോയിയുടെ ഡയറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങള്‍ ലഭിച്ചു. ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പില്‍ നിന്ന് ലഭിക്കുന്നത്.
|
കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന കുറിപ്പില്‍ പണം നല്കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്ന നിര്‍ദേശവുമുണ്ട്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നുമാണ് കുറിപ്പിലുള്ളത്. 9 പേജുകളുള്ള കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണ് വിവരം. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടെന്നും ഡയറിക്കുറിപ്പില്‍ റോയി എഴുതിയിട്ടുണ്ട്.
മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണം, ആരാണ് പിന്‍ഗാമികള്‍, ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം, കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത് തുടങ്ങിയ വിവരങ്ങള്‍ കുറിപ്പില്‍ റോയി വിശദീകരിക്കുന്നുണ്ട്.
ALSO READ: തോക്ക് അടങ്ങിയ ബ്രീഫ് കേസ് എപ്പോഴും കൂടെ കരുതും; സി ജെ റോയി ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ?
റോയി നേരത്തെ തന്നെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു എന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന് സി.ജെ ബാബുവിനെ മൂന്ന് തവണ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഇത് ജീവനൊടുക്കാനുള്ള തീരുമാനമെടുത്തതിന് ശേഷമാണൊണ് നിഗമനം.
അന്ത്യയാത്രയില്‍ ഏത് വസ്ത്രം ധരിക്കണം, എവിടെയാണ് സംസ്കാരം എന്നീ കാര്യങ്ങള്‍ മുമ്പുതന്നെ റോയി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതുപ്രകാരം സെന്റ് ജോസഫ് പള്ളിയിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം സ്വന്തം ഭൂമിയില്‍തന്നെ അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കുടുംബം നിറവേറ്റുകയായിരുന്നു.
പ്രമുഖ ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരടക്കം ആയിരക്കണക്കിന് ജീവനക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആന്റണി പെരുമ്പാവൂര്‍, നടനും അവതാരകനുമായ മിഥുന്, ബംഗാര്‍പേട്ട് എം.എല്‍.എ എസ്.എന്‍. നാരായണ സ്വാമി, രാമലിംഗ റെഡ്ഡി, എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.
ആദായനികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടലുകളും ചോദ്യം ചെയ്യലുകളും റോയിയെ വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായാണ് വിവരം. റോയി മരിക്കുന്ന സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
റോയിയുടെ കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റോയിയുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.





