ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടി പ്രതിഷേധിച്ച മുസ് ലിംകളോട് രണ്ടുലക്ഷം രൂപ വീതം ബോണ്ട് കെട്ടാന്‍ നിര്‍ദേശം. ജുമുഅ നിസ്‌കാരശേഷമാണ് ഇവര്‍ കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിച്ചത്. ഒരുവര്‍ഷത്തേക്ക് സമാധാനം പുലര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നതിന് രണ്ടുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാന്‍ മുന്നൂറിലേറെ പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ബോണ്ട് കെട്ടിവയ്ക്കാനാവശ്യപ്പെട്ടുള്ള നോട്ടിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ചിലര്‍ക്ക് നേരിട്ടും ചിലര്‍ക്ക് വാട്‌സ്ആപ്പ് മുഖേനയുമാണ് നല്‍കിയിരിക്കുന്നത്. ബോണ്ട് കെട്ടിവയ്ക്കാനാവുന്നില്ലെങ്കില്‍ അക്കാര്യം ഏപ്രില്‍ 16ന് മജിസ്‌ട്രേറ്റ് കോടതിയിലെത്തി അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു.
|
ക്രമസമാധാന പാലന ഭാഗമായാണ് പൊതു സമാധാനം തടസ്സപ്പെടുത്തിയ മുന്നൂറോളം പേര്‍ക്ക് ഭാരതീയ ന്യായ സംഹിതയുടെ 126, 135 വകുപ്പുകള്‍ പ്രകാരം നോട്ടിസ് നല്‍കിയിരിക്കുന്നതെന്ന് മുസഫര്‍നഗര്‍ സിറ്റി പോലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെയും ഇന്റലിജന്‍സ്, പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞതെന്നും എസ്പി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിഷേധത്തിന് അഖിലേന്ത്യ മുസ് ലിം വ്യക്തി നിയമ ബോര്‍ഡായിരുന്നു ആഹ്വാനം ചെയ്തിരുന്നത്.
അതേസമയം മുദ്രാവാക്യം മുഴക്കാതെയും പോസ്റ്ററുകള്‍ ഉയര്‍ത്താതെയും നിശ്ശബ്ദമായ പ്രതികരണമായിരുന്നു തങ്ങള്‍ നടത്തിയതെന്നും രണ്ട് ലക്ഷം രൂപ ബോണ്ട് കെട്ടാനുള്ള നിര്‍ദേശം അനീതിയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.





