കോട്ടയം പരസ്പരം വായനക്കൂട്ടത്തിൻ്റെ ആൻഡ്രൂസ് മീനടം സ്മാരക നോവൽ പുരസ്കാരവും ഗോപീ കൊടുങ്ങല്ലൂർ സ്മാരക കഥാ അവാർഡും പ്രശസ്ത സാഹിത്യകാരനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസറുമായ ഡോ. അജു കെ നാരായണനിൽ നിന്ന് ആബിദ് തറവട്ടത്ത്, ഏറ്റുവാങ്ങി. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ ഇരുപതാമത് വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്.
|
ചടങ്ങിൽ കൺസ്യൂമർ ഫെഡ് ഡയരക്ടർ ആർ.പ്രമോദ് ചന്ദ്രൻ, കോട്ടയം പബ്ലിക്, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പു.ക.സ കോട്ടയം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ , പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവരും സന്നിഹിതരായിരുന്നു. “ഓത്തുപള്ളി ” എന്ന നോവലിനും “അവസാനത്തെ അത്താഴം” എന്ന കഥയ്ക്കുമാണ് അവാർഡുകൾ ലഭിച്ചത്.
ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് അവാർഡ്. പരിപാടിയുടെ ഭാഗമായി കഥയരങ്ങും കവിതയരങ്ങും നടന്നു. അരീക്കോട് സ്വദേശിയായ ആബിദ് ഇപ്പോൾ കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്ത് വരുന്നു.


