വരൻമാർക്ക് ഒരു കോടി രൂപയുടെ നോട്ട് മാലയണിയിച്ച് വിവാഹാഘോഷം. ഉത്തർപ്രദേശിലെ മഥുരയിൽ വിവാഹച്ചടങ്ങിലാണ് സംഭവം. 500 രൂപയുടെ നോട്ടുകൾകൊണ്ട് നിർമിച്ച മാലകൾ അണിഞ്ഞ രണ്ട് വരൻമാരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരുടെയും സഹോദരീഭർത്താവാണ് ഈ വിചിത്ര സമ്മാനം നൽകിയത്.
|
മഥുരയിലെ സൂരിർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ല ഫൊണ്ട ഗ്രാമത്തിലാണ് സംഭവം. യോഗേന്ദ്ര സിങ്ങിന്റെയും കുശാൽപാൽ സിങ്ങിന്റെയും മക്കളായ പ്രശാന്ത്, കനാ രാഘവ് എന്നിവരുടെ വിവാഹാഘോഷത്തിനിടെയാണ് സംഭവം. ഗോവർധനിലെ വിവാഹവേദിയിലായിരുന്നു വിവാഹച്ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.
ശനിയാഴ്ച നടന്ന പരമ്പരാഗതമായ ‘ഘുഡ്‌ചഢി’ ചടങ്ങിനിടെയാണ് രാജസ്ഥാനിലെ കമാൻ മേഖലയിലെ നന്ദോല ഗ്രാമവാസിയായ യോഗേഷ് കുമാർ എന്ന ഭൂര ഠാക്കൂർ വരൻമാരെ അമ്പരപ്പിച്ചത്. ഓരോരുത്തർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് നിർമിച്ച കൂറ്റൻ മാലകൾ സമ്മാനമായി നൽകി.
ഏകദേശം 100 അടി നീളമുള്ള ഓരോ മാലയിലും ഒരു കോടി രൂപയോളം വിലമതിക്കുന്ന നോട്ടുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാലകളുടെ വലുപ്പവും ഭാരവും കാരണം നിരവധി പേർ ചേർന്നാണ് അവ ഉയർത്തി വരൻമാരുടെ കഴുത്തിലണിയിച്ചത്. ഇതിനായി വരൻമാരെ വീടിന്റെ ടെറസിൽ നിർത്തിയ ശേഷമായിരുന്നു ചടങ്ങ്.
അസാധാരണമായ കാഴ്ച കണ്ട് അതിഥികളും നാട്ടുകാരും അമ്പരന്നു. നിരവധി പേർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ വിവാഹഘോഷയാത്രയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സഹോദരീഭർത്താവിന്റെ ആഡംബര സമ്മാനമാണ് ഇപ്പോൾ പ്രദേശത്തെ പ്രധാന ചർച്ചാവിഷയം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




