23
Nov 2026
Mon
23 Nov 2026 Mon
MK Stalin Attacks CM Vijay TVK Govt Astrologer

ചെന്നൈ: തമിഴ്നാട്ടില്‍ അധികാരമേറ്റ് ആറ് മാസം പിന്നിടുന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ രംഗത്ത്. യുക്തിവാദ ആശയങ്ങള്‍ കൈവിട്ട് ഒരു ‘ജോത്സ്യന്റെ’ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്റ്റാലിന്‍ ആരോപിച്ചപ്പോള്‍, രഹസ്യ പൂജകള്‍ നടത്തി പുറത്ത് നിരീശ്വരവാദികളായി നടിച്ച ചരിത്രം ഡിഎംകെയ്ക്കാണെന്ന് ചൂണ്ടിക്കാട്ടി ടിവികെ ശക്തമായി തിരിച്ചടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈയില്‍ നടന്ന ചടങ്ങിലും സമൂഹമാധ്യമമായ എക്‌സിലുമാണ് സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

‘ആറ് മാസം, എല്ലാം നാശം’; സ്റ്റാലിന്റെ പ്രധാന ആരോപണങ്ങള്‍

വര്‍ഷങ്ങളോളം ഡിഎംകെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത വികസന പാത ആറ് മാസം കൊണ്ട് തകര്‍ക്കപ്പെട്ടുവെന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.

‘പെരിയോറിനെയും വിപ്ലവകാരിയായ അംബേദ്കറെയും പേരിന് മാത്രം ആശയനേതാക്കളായി പ്രഖ്യാപിച്ചിട്ട്, ഒരു ജോത്സ്യനെ യഥാര്‍ത്ഥ ആശയഗുരുവാക്കിയാണ് ഭരണകക്ഷിയായ ടിവികെ പ്രവര്‍ത്തിക്കുന്നത്. ‘ആറ് മാസം, എല്ലാം നാശം’ എന്ന നിലയില്‍ തമിഴ്നാടിനെ തകര്‍ക്കുന്ന ടിവികെ കേവലം ഒരു രാഷ്ട്രീയ വിപത്തല്ല, അതൊരു സാമൂഹിക വിപത്താണ്’ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

പാര്‍ട്ടി യോഗങ്ങളില്‍ പെരിയോര്‍ തത്വങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കാറില്ലെന്നും, അന്ധവിശ്വാസങ്ങളില്‍ മുഴുകുമ്പോഴും പ്രചാരണത്തിന് വേണ്ടി മാത്രമാണ് പെരിയോറിന്റെയും അംബേദ്കറുടെയും പേര് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണനടപടികളില്‍ നിരന്തരം ‘യു-ടേണ്‍’ എടുക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും, വിലക്കയറ്റവും ലഹരിവ്യാപനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചുവരികയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.’

ഡമ്മി സിഎം’ എന്ന് ഉദയനിധി സ്റ്റാലിന്‍

പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിനും വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പെരിയാറിന്റെ ചിത്രവും ആശയങ്ങളും സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കുകയാണെന്നും, ചോദ്യം ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാവേരി ഡെല്‍റ്റയില്‍ കൃഷി ഉണങ്ങുന്നതിനും തിരുപ്പറങ്കുണ്ട്രം വിഷയത്തിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

‘വീടിനുള്ളില്‍ രഹസ്യ പൂജ നടത്തിയത് ആര്?’; ടിവികെയുടെ മറുപടി

യുക്തിവാദത്തിന്റെയും പെരിയാര്‍ പൈതൃകത്തിന്റെയും കാര്യത്തില്‍ ഡിഎംകെയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്താണ് ടിവികെ പ്രസ്താവനയിലൂടെ മറുപടി നല്‍കിയത്.

‘ആരും അറിയാതെ സ്വന്തം വീടിനുള്ളില്‍ പൂജകള്‍ നടത്തിയിട്ട്, പുറത്ത് നിരീശ്വരവാദികളും യുക്തിവാദികളുമായി അഭിനയിച്ചത് ആരാണ്? പണ്ട് നിയമസഭയ്ക്കുള്ളില്‍ വെച്ച് തന്നെ പെരിയോറിനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തത് ആരാണ്?’ ടിവികെ പ്രസ്താവനയില്‍ ചോദിച്ചു. പെരിയാറിന്റെ പേരില്‍ കൊള്ളയടിച്ചതും, പേരിന് മാത്രം അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉപയോഗിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ടിവികെ തിരിച്ചടിച്ചു.

തിരുപ്പറങ്കുണ്ട്രം കാര്‍ത്തിക ദീപം തര്‍ക്കവും രാഷ്ട്രീയ പോരും

മധുര തിരുപ്പറങ്കുണ്ട്രം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള പുരാതന കല്‍ത്തൂണായ ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടവും ഇരുപക്ഷവും തമ്മിലുള്ള വാക്‌പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2025 നവംബറില്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെതിരെ 2025 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2026 ജനുവരിയില്‍ ഡിവിഷന്‍ ബെഞ്ചും ഇത് ശരിവെച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നവംബര്‍ 20-ന്, നവംബര്‍ 24-ന് ദീപത്തൂണില്‍ കര്‍ശന ഉപാധികളോടെ ഒറ്റത്തവണ ദീപം തെളിയിക്കാന്‍ അനുമതി നല്‍കുകയും, ഇത് സ്ഥിരമായ നിയമപൂര്‍വ്വ മാതൃകയോ ഉടമസ്ഥാവകാശ വിധിയോ അല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ കക്ഷികളും വിമര്‍ശനം ശക്തമാക്കിയത്.

Tags: MK Stalin Vijay TVK, Tamil Nadu Politics News, Udhayanidhi Stalin Vijay, Astrologer Rule TVK, Thiruparankundram Karthigai Deepam, Periyar Dravidian Politics, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക