27
Feb 2026
Fri
27 Feb 2026 Fri
pakisthan afghanisthan war

കാബൂള്‍/ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലും മറ്റ് പ്രധാന നഗരങ്ങളിലും ശക്തമായ ബോംബാക്രമണം നടത്തി പാകിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അഫ്ഗാന്‍ സേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് മേഖലയില്‍ യുദ്ധം വ്യാപിച്ചത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള തങ്ങളുടെ ‘ക്ഷമ നശിച്ചുവെന്നും’ ഇനിമുതല്‍ ഇത് ഒരു ‘തുറന്ന ുദ്ധം’ (Open War) ആയിരിക്കുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1:50-ഓടെയാണ് കാബൂളില്‍ ആദ്യഘട്ട ബോംബാക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ രണ്ടാമതും വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തെ പ്രതിരോധിക്കാന്‍ അഫ്ഗാന്‍ വിമാനവേധ താക്കുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലുള്ള സൈനിക താവളത്തിന് നേരെയും പാക് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി.

അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് തങ്ങളെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ 133 അഫ്ഗാന്‍ താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും കാബൂള്‍, കാണ്ഡഹാര്‍, പക്തിയ എന്നിവിടങ്ങളിലെ ഒമ്പത് താലിബാന്‍ പോസ്റ്റുകള്‍ തങ്ങള്‍ പിടിച്ചെടുത്തതായും പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താവുല്ല തരാര്‍ അവകാശപ്പെട്ടു.

ALSO READ: ശബരിമല സ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി; സ്വര്‍ണം നല്‍കിയത് സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ലാല്‍

അഫ്ഗാനിസ്ഥാന്റെ തിരിച്ചടി

പാകിസ്ഥാന്റെ ആക്രമണത്തിന് മറുപടിയായി കാണ്ഡഹാറിലെയും ഹെല്‍മണ്ടിലെയും പാക് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന്‍ തിരിച്ചടി തുടങ്ങിയതായി സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. വ്യാഴാഴ്ച രാത്രി അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും 13 ഔട്ട്പോസ്റ്റുകള്‍ തങ്ങള്‍ പിടിച്ചെടുത്തതായും അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

പ്രശ്‌നങ്ങളുടെ പശ്ചാത്തലം

പാകിസ്ഥാന്‍ താലിബാന്‍ (TTP) പോലുള്ള സായുധ ഗ്രൂപ്പുകള്‍ക്ക് അഫ്ഗാനിസ്ഥാന്‍ താവളമൊരുക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണമാണ് നിലവിലെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. എന്നാല്‍ അഫ്ഗാന്‍ താലിബാന്‍ ഈ ആരോപണം നിഷേധിക്കുന്നു. താലിബാന്‍ ഇന്ത്യയുടെ പ്രോക്‌സിയായി പ്രവര്‍ത്തിക്കുകയാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.

അതേസമയം, പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചു. പാകിസ്ഥാന്‍ സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ മറച്ചുവെക്കാന്‍ പുറംരാജ്യങ്ങളെ ആക്രമിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു.

രാജ്യാന്തര ഇടപെടല്‍

മേഖലയില്‍ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് അറിയിച്ചു.

തുര്‍ക്കിയെപ്പോലുള്ള മൂന്നാം കക്ഷികളുടെ മധ്യസ്ഥതയില്‍ ഒരു നയതന്ത്ര കരാറിലെത്തുകയാണ് ഈ പ്രതിസന്ധിക്ക് ഏക പരിഹാരമെന്ന് മുന്‍ യുഎസ് അംബാസഡര്‍ സല്‍മയ് ഖലീല്‍സാദ് അഭിപ്രായപ്പെട്ടു.