ഭക്ഷ്യ ഗുണമേന്മ പരിശോധനയില്‍ എട്ടുനിലയില്‍ പൊട്ടി പതഞ്ജലിയുടെ സോന്‍ പാപ്ഡി മിഠായി. പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ അടക്കം മൂന്നുപേരെ കോടതി ആറുമാസം തടവിനു ശിക്ഷിച്ചു. മൂന്നുപേര്‍ക്കും കൂടി 40000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പിതോറഗഡ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് വിധി.(Patanjali assistant manager among 3 sentenced after its food product failed in quality test)
|
ഫുഡ് ഇന്‍സ്പെക്ടറാണ് പതഞ്ജലിയുടെ നവരത്ന എലൈച്ചി സോന്‍ പാപ്ഡിയുടെ ഭക്ഷ്യസുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 2019ല്‍ പിതോറഗഡിലെ ബെറിനാഗിലെ പ്രധാന മാര്‍ക്കറ്റിലെ കടയില്‍ നിന്നാണ് ഫുഡ് ഇന്‍സ്പെക്ടര്‍ സോന്‍ പാപ്ഡി ശേഖരിച്ചത്. ഇതിനു ശേഷം വിതരണക്കാരായ കനാഹ ജി ഡിസ്ട്രിബ്യൂട്ടര്‍ക്കും പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിനും നോട്ടിസ് അയച്ചു.
2020 ഡിസംബറില്‍ രുദ്രാപൂറിലെ ഭക്ഷ്യ നിലവാരം പരിശോധിക്കുന്ന ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പതഞ്ജലിയുടെ സോന്‍ പാപ്ഡിക്ക് നിലവാരമില്ലെന്ന് കണ്ടെത്തി. ഇതോടെ കടയുടമ ലീല ധര് പതക്കിനും വിതരണക്കാരനായ അജയ് ജോഷിക്കും പതഞ്ജലി അസിസ്റ്റന്റ് മാനേജര്‍ അഭിഷേക് കുമാറിനുമെതിരേ കേസെടുക്കുകയുമായിരുന്നു. ലീല ധര് പതക്കിന് 5000 രൂപയും അജയ് ജോഷിക്ക് 10000 രൂപയും അഭിഷേക് കുമാറിന് 25000 രൂപയുമാണ് പിഴ ചുമത്തിയത്.
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി പതഞ്ജലിയുടെ 14 ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ ഇപ്പോഴും വില്ക്കുന്നുണ്ടോയെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് ഇല്ലെന്ന മറുപടിയും നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലി ഉടമകളായ ബാലകൃഷ്ണയും ബാബാ രാംദേവും സുപ്രിംകോടതിയില്‍ മാപ്പ് പറയുകയും പത്രപ്പരസ്യം നല്‍കുകയും ചെയ്തത് അടുത്തിടെയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





