പത്തനംതിട്ട കോന്നിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15 വയസുകാരന്റെ മനോധൈര്യം കൈവിടാത്ത പോരാട്ടവുമാണ്. അവിഹിത ബന്ധം സംശയിച്ച് ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാന്‍ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നില്‍ പ്രവീണ്‍ എന്ന 15 വയസുകാരന്‍ രക്ഷകനായി.
|
വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകന്‍ പ്രവീണ്‍, മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നര്‍ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്‌നിഗോളമായി മാറി.
ALSO READ: സിജെ റോയി മരണം മുന്‍കൂട്ടി തീരുമാനിച്ചതോ? കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്ത്
എന്നാല്‍, മരണം മുന്നില്‍ കണ്ട നിമിഷവും പ്രവീണ്‍ പതറിയില്ല. ആളിപ്പടരുന്ന തീയ്ക്കുള്ളില്‍ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവന്‍ നെഞ്ചോട് ചേര്‍ത്തു. വീടിന്റെ കഴുക്കോലില്‍ തൂങ്ങിയാടി മുകളിലെ ഓടുകള്‍ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവന്‍ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേല്‍ക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.
ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാന്‍ അവന്‍ ആവതു ശ്രമിച്ചു, പക്ഷേ തീ പടര്‍ന്നതിനാല്‍ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവില്‍ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു.
സ്വന്തം ജീവന്‍ പണയപ്പെടുത്തി അനിയത്തിയെ രക്ഷിക്കാന്‍ പ്രവീണ്‍ കാണിച്ച ധീരതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്.




