പയ്യന്നൂര്‍ ടൗണില്‍ അമിതവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ ഓട്ടോയില്‍ ഇടിച്ച യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഉടുമ്പുന്തല ജുമാ മസ്ജിദിന് മുന്‍ വശത്ത് താമസിക്കുന്ന കൊവ്വല്‍ ഖദീജയാണ് മരിച്ചത്.
|
വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കേളോത്ത് ഭാഗത്തു നിന്ന് വന്ന കാര്‍ പയ്യന്നൂര്‍ സെയ്ന്റ് മേരീസ് സ്കൂളിനു സമീപത്ത് ഓട്ടോ റിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കാറിന്റെ മുന്‍ ഭാഗവും തകര്‍ന്നു.
നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ച കാര്‍ മറ്റൊരു ഓട്ടോയിലും ബൈക്കിലും ഇടിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോള്‍ കാറിന്റെ ടയര്‍ പഞ്ചറായി. കാറിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു.
കാറില്‍ മദ്യ കുപ്പിയുണ്ടായിരുന്നുവെന്നും കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി.
ഗുരുതര പരിക്ക്പറ്റിയ ഖദീജയെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് മെട്ടമ്മല്‍ സ്വദേശി എന്‍ കബീര്‍. മക്കള്‍: കെ മന്‍സൂര്‍(ഇറച്ചി കച്ചവടം),സുഹറബി,സുനൈത, സുമയ്യ, അക്ബര്‍ (ഓട്ടോ ഡ്രൈവര്‍).





