കടുത്ത ഇന്ധന ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഗ്യാസിനു പകരം പല വീടുകളിലും വൈദ്യുതി അടുപ്പുകള്‍ ഇടംപിടിച്ച് കഴിഞ്ഞു. എന്നാല്‍, തീജ്വാലയില്‍ പാചകം ചെയ്യേണ്ട പലതിലും ഇത്തരം അടുപ്പുകള്‍ അനുയോജ്യമല്ല. ഇവിടെയാണ് അടുക്കളകളില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്ലാസ്മ ഇലക്ട്രിക് സ്റ്റൗവുകള്‍ വരുന്നത്. ഗ്യാസിന് മികച്ചൊരു ബദലായിട്ടാണ് പ്ലാസ്മ സ്റ്റൗ വിപണിയില്‍ ശ്രദ്ധനേടുന്നത്.
|
എന്താണ് പ്ലാസ്മ സ്റ്റൗ?
ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഗ്യാസ് അടുപ്പിലേതുപോലെ യഥാര്‍ഥ തീജ്വാല ഉപയോഗിച്ച് പാചകം ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇതില്‍ ഇന്ധനം കത്തുന്നില്ല, പകരം വൈദ്യുതി ഉപയോഗിച്ച് വായുവിനെ അയണൈസ് ചെയ്ത് അതിശക്തമായ ചൂടുള്ള പ്ലാസ്മ തീജ്വാല ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രത്യേകതകള്‍
അതിവേഗ പാചകം- ഇതിലെ തീജ്വാലയ്ക്ക് 1200ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1300ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് സാധാരണ ഗ്യാസ് അടുപ്പുകളേക്കാള്‍ വേഗത്തില്‍ പാചകം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.
എല്ലാ പാത്രങ്ങളും ഉപയോഗിക്കാം- ഇന്‍ഡക്ഷന്‍ സ്റ്റൗവുകളില്‍ പ്രത്യേക പാത്രങ്ങള്‍ വേണമെങ്കില്‍ പ്ലാസ്മ സ്റ്റൗവില്‍ സ്റ്റീല്‍, അലുമിനിയം, ഇരുമ്പ്, മണ്‍പാത്രങ്ങള്‍ തുടങ്ങി ഏത് പാത്രവും ഉപയോഗിക്കാം.
സുരക്ഷ- ഗ്യാസ് ഉപയോഗിക്കാത്തതിനാല്‍ ചോര്‍ച്ച മൂലമുള്ള അപകടങ്ങള്‍ ഉണ്ടാവില്ല. നിശ്ചിത സമയത്തിന് ശേഷം തനിയെ ഓഫാകുന്ന സംവിധാനവും ഇതിലുണ്ട്.
ഇന്ത്യന്‍ പാചക രീതിക്ക് അനുയോജ്യം- ചപ്പാത്തി നേരിട്ട് ചുട്ടെടുക്കാനും വറുക്കാനും പൊരിക്കാനും ഗ്യാസ് അടുപ്പിന്റെ അതേ അനുഭവം തന്നെ പ്ലാസ്മ സ്റ്റൗ നല്‍കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 25,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് ഇതിന്റെ വില.
2500W മുതല്‍ 6000W വരെ പവര്‍ ഉപയോഗിക്കുന്നതിനാല്‍ പവര്‍ പ്ലഗ് ഇതിന് ആവശ്യമാണ്. നിലവില്‍ സിംഗിള്‍, ഡബിള്‍ ബര്‍ണര്‍ ഓപ്ഷനുകളില്‍ ഇവ ലഭ്യമാണ്.
പരിമിതികള്‍
സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിനെ അപേക്ഷിച്ച് വില കൂടുതലാണെന്നതും വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതും ഇതിന്റെ പരിമിതികളാണ്. എങ്കിലും സിലിണ്ടറുകള്‍ക്കായി കാത്തുനില്‍ക്കേണ്ടതില്ലാത്തതിനാലും ഇന്ധനവില വര്‍ധനവ് ബാധിക്കാത്തതിനാലും ഭാവിയില്‍ പ്ലാസ്മ സ്റ്റൗവുകള്‍ അടുക്കളകളിലെ അവിഭാജ്യ ഘടകമായി മാറുമെന്ന് ഉറപ്പാണ്.




