മണിപ്പൂര്‍ കലാപം: തിരിച്ചടി ഭയന്ന് മിസോറാമില്‍ പ്രചരണം റദ്ദാക്കി മോദി
|
ഐസ്വാള്‍: മണിപ്പൂര്‍ കലാപം സംബന്ധിച്ച തിരിച്ചടി ഭയന്ന് മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂര്‍ കലാപം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ കൈകാര്യംചെയ്ത രീതിയില്‍ രാജ്യത്തെ ക്രൈസ്തവവിഭാഗത്തിന് കടുത്ത അസംതൃപ്തി നിലനില്ക്കുകയും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ക്രൈസ്തവ ഭൂരിപക്ഷമായ മിസോറം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പങ്കെടുക്കാതിരിക്കുന്നത്.
നേരത്തെ നാളെ മമിത്തില് എത്തി മോദി പ്രചാരണം നടത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിയതായി സംസ്ഥാന ബിജെപി മീഡിയ കണ്‍വീനര്‍ ജോണി ലാല്‍തന്‍പുയ പറഞ്ഞു. അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണമൊന്നും ലാല്‍തന്‍പുയ അറിയിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നരേന്ദ്ര മോദിക്ക് പകരം പ്രചരണത്തിനെത്തും. എന്നാല്‍ അദ്ദേഹത്തിന്റെ പ്രചാരണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജോണി ലാല്‍തന്‍പുയ പറഞ്ഞു. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സംസ്ഥാനം സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്.
മണിപ്പുര്‍ സന്ദര്‍ശിക്കാത്ത നരേന്ദ്ര മോദി മിസോറമില്‍ വോട്ട് ചോദിക്കാനായി എത്തിയാല്‍ വിപരീതഫലമാകും ഉണ്ടാക്കുക എന്നാണ് ബിജെപി കണക്കുകൂട്ടല്‍. മണിപ്പുര്‍ കലാപം മിസോറാം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. പ്രചാരണത്തിനെത്തുന്ന നരേന്ദ്ര മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറമില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന എംഎന്‍എഫ് നേതാവും മുഖ്യമന്ത്രിയുമായ സോറതംഗ പറഞ്ഞിരുന്നു. മണിപ്പുരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബി.ജെ.പി. നേതാവ് പ്രഖ്യാപിക്കുന്നത്.
നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍. 40 അംഗ നിയമസഭാ സീറ്റില്‍ 23 ഇടങ്ങളിലാണ് ബി.ജെ.പി. മത്സരിക്കുന്നത്. നിലവില്‍ ഒറ്റ എം.എല്‍.എ. മാത്രമാണ് ബി.ജെ.പി.ക്ക്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





