PM Modi in Trivandrum പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍നിന്ന് മേയര്‍ വി.വി. രാജേഷിന്റെ പേര് വെട്ടിയത് പ്രധാനമന്ത്രിയുടെ ഓഫിസ്. കേരളത്തില്‍നിന്നും സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഇതില്‍ മേയറുടെ പേരും ഉള്പ്പെട്ടിന്നെങ്കിലും പട്ടിക തിരിച്ചെത്തിയപ്പോള്‍ രാജേഷിന്റെ പേര് അപ്രത്യക്ഷമായി. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോള്‍ വിമാനത്താവളത്തില്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്.
|
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, സൈനിക, പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന അന്തിമ പട്ടികയിലുള്ളത്. എന്‍ഡിഎ ബിജെപി നേതാക്കളും പട്ടികയിലുണ്ട്. തിരുവനന്തപുരം എംപിയേയും പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയിട്ടുണ്ട്.
ALSO READ: ഫെയ്സ്ക്രീമിനെ ചൊല്ലി തര്‍ക്കം; അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചൊടിച്ച് മകള്‍
സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് നേരത്തേ മേയര്‍ വി.വി.രാജേഷ് അറിയിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന 2 പരിപാടികളിലും വേദിയിലുള്ളതിനാല് സ്വീകരണച്ചടങ്ങ് ഒഴിവാക്കിയെന്നും മേയറുടെ ഓഫിസ് വിശദീകരിച്ചു.
തിരുവനന്തപുരം കോര്പറേഷന് ആദ്യമായി ബിജെപി പിടിച്ചപ്പോള്‍ ഇനി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ ബിജെപി മേയര്‍ സ്വീകരിക്കുമെന്ന് പ്രവര്‍ത്തകര്‍ വലിയ പ്രചാരം നല്‍കിയിരുന്നു. അതിനിടയിലാണ് ഇങ്ങിനെയൊരു കടുംവെട്ട്. മണ്ഡലം പ്രസിഡന്റ്മാർ വരെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പട്ടികയിൽ ഇടം പിടിച്ചപ്പോഴും മേയർക്ക് പട്ടികയിൽ സ്ഥാനം ലഭിക്കാത്തതിന് പിന്നിൽ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലുകൾ ഉണ്ടായെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.





