Popular front digital arrest പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറഞ്ഞ് കണ്ണൂര്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ തട്ടിപ്പ് ശ്രമം. തോട്ടട സ്വദേശിയായ റിട്ടയേഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിനെയാണ് ഡിജിറ്റല്‍ അറസ്റ്റിന് നീക്കം നടത്തിയത്.
|
ഡാറ്റ പ്രൊട്ടക്ഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞാണ് പണം തട്ടാനായി പ്രമോദിനെ ഫോണില്‍ വിളിച്ചത്. ജനുവരി 11ന് ആണ് തട്ടിപ്പിന് തുടക്കമിട്ട ഫോണ്‍കോള്‍ ആദ്യമെത്തിയത്. മുംബൈയിലെ കനറാ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ ഒരു അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയതപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചത്. ഇതിന്റെ തെളിവായി എഫ്ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് ഡീറ്റെയില്‍സ് എന്നിവയും അയച്ചു നല്കി.
എന്നാല്‍, ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടന്‍ തന്നെ കണ്ണൂര്‍ സൈബര്‍ പോലീസിനെ വിവരമറിയിച്ചു. ജനുവരി 12ന് രാവിലെ 11.30ന് തട്ടിപ്പ് സംഘം വീണ്ടും വീഡിയോ കോളില്‍ വന്നു. സൈബര്‍ സംഘം ഈ സമയത്ത് പ്രമോദിന്റെ വീട്ടില്‍ എത്തിയിരുന്നു.
സൈബര്‍ പോലീസ് സ്റ്റേഷന് എസ്ഐ എസ് വി മിഥുന്, എസ്ഐമാരായ വി പ്രകാശന്, എം ഷമ്മിത്ത്, സിപിഒമാരായ പി സുജിന്‍, കെ ദിജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന് സ്ക്രീനിലെത്തി. 10 മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരില്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാര്‍ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ വ്യാജ സിം കാര്‍ഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭാഷണത്തിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ കൃത്യസമയത്ത് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ സൈബര്‍ പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് നീക്കം പൊളിക്കാന്‍ സഹായിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.
ഡിജിറ്റല്‍ അറസ്റ്റ് എന്ന് പറഞ്ഞ് വിളിക്കുന്ന എല്ലാ കോളുകളും തട്ടിപ്പാണെന്ന് പോലീസ് പറഞ്ഞു. അത്തരമൊരു അറസ്റ്റ് രീതി പോലീസിന് ഇല്ല. ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ സൈബര്‍ പോലീസിനെ അറിയിക്കണം.





